✍🏿 *നിസാം കക്കയം*
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാതയോരത്ത് നിന്ന് വീണ കൂറ്റൻ പാറക്കല്ല് പൊട്ടിച്ചു മാറ്റി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാറക്കല്ല് പൊട്ടിച്ചു മാറ്റിയത്. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ ഒന്നാം വളവ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്ത് പാറക്കെട്ട് ഇടിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ബിവിസി മേഖലയിൽ പാതയോരത്ത് നൂറ് മീറ്ററോളം ദൂരത്തിലുള്ള പാറക്കെട്ട് പലയിടങ്ങളിലും അടർന്നു വീഴുന്ന സ്ഥിതിയാണുള്ളത്. കക്കയം ഡാം മേഖലയിൽ സന്ദർശനത്തിനെത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികളും, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡൽ - ഇക്കോ ടൂറിസം ജീവനക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.
റോഡരികിലെ പാറക്കൂട്ടം തുടർച്ചയായി ഇടിഞ്ഞു വീഴുന്ന സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് പഠനം നടത്തി പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല.