✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് മേഖലയിൽ വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം സെന്ററും, കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസവും വിനോദസഞ്ചാരികൾക്കായി തുറന്നു. കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ടൂറിസം കേന്ദ്രം അടച്ചിടാൻ ജൂലായ് 15-ന് കളക്ടർ ഉത്തരവിട്ടത്.
ടൂറിസം കേന്ദ്രം ഇടയ്ക്കിടെ അടക്കുന്നത് കാരണം ഈ മേഖലയിലെ 19 ഗൈഡുകൾക്ക് ജോലി ഉണ്ടായിരുന്നില്ല. ഇക്കോ - ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തനമാരംഭിക്കാത്തത് കാരണം കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് കക്കയത്തെ പ്രധാന ആകർഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ടൂറിസ്റ്റ് കേന്ദ്രം തുറന്നതോടെ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നൂറോളം ആളുകളാണ് ഞായറാഴ്ച എത്തിയത്.