Trending

സ്വകാര്യഭാഗങ്ങളിലടക്കം 14 മുറിവുകൾ, ക്രൂരമായ മർദ്ദനം; പിജി ഡോക്ടറുടെ പോസ്റ്റ്‍മോ‍ർട്ടം റിപ്പോർട്ട്


കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിക്കുന്നതിന് മുമ്പ് മർദ്ദനമേറ്റതായും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമൽ, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് 'വെളുത്ത ദ്രവം' കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലുകൾ പൊട്ടിയതായി റിപ്പോർട്ട് പറയുന്നില്ല.

ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.

സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് പശ്ചിമബംഗാളിലും രാജ്യത്തുടനീളവും ഉയരുന്നത്. മമതാ ബാനർജിക്കും മമതാ സർക്കാരിനും നേരെ വലിയ വിമർശനമാണ് ഉയരുന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പ്രതിഷേധം തുടരുകയാണ്.

കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് തൃണമൂൽ കോൺഗ്രസിന്റെ അടുത്തയാളാണെന്നും ഇയാളെ സംരക്ഷിക്കാനാണ് മമതാ സർക്കാർ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. പ്രതിഷേധങ്ങൾക്കൊടുവിൽ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Post a Comment

Previous Post Next Post