✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :കർഷകനാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നയാളാണ് കല്ലാനോട് സ്വദേശി കടുകൻമാക്കൽ സജി മാത്യു.പൂർവികർ പകർന്നു നൽകിയ പരമ്പരാഗത കൃഷി രീതി തുടരുന്നതിനൊപ്പം കൃഷിയിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന കർഷകനുമാണിദ്ദേഹം.
ഒരേ പറമ്പിൽ തന്നെ വ്യത്യസ്ത കൃഷി രീതികൾ ഒരുമിച്ച് ചെയ്യുന്ന സമ്മിശ്ര കൃഷി രീതിയാണ് സജിയുടേത്. ഇരുനൂറോളം തെങ്ങും,വ്യത്യസ്ത ജാതി മരങ്ങളുമുണ്ട്.വർഷത്തിൽ അഞ്ച് ക്വിന്റലോളം ജാതി വിളവെടുപ്പുണ്ടാകും.
കുടിയേറ്റ മണ്ണിൽ പഴ കൃഷിക്ക് പ്രാമുഖ്യം കൊടുത്ത് വിജയം കൈവരിച്ച കർഷകനാണ് ഇദ്ദേഹം. നാടനും വിദേശിയുമായി വ്യത്യസ്ത പഴ വർഗങ്ങളാൽ സമ്പുഷ്ടമാണ് കൃഷിയിടം. എട്ടേക്കർ തോട്ടത്തിൽ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, പുലോസാൻ,ഡ്രാഗൺ ഫ്രൂട്ട്, സാന്തോൾ, അബിയു, വിവിധയിനം നാരകങ്ങൾ, ഓറഞ്ച്, മാവ്, സപ്പോട്ട,തുടങ്ങിയ പഴ വർഗ്ഗങ്ങൾ കൃഷിയിടത്തിൽ കാണാം.മാങ്കോസ്റ്റിനും, റംബൂട്ടാനും, പുലോസാനും,ഡ്രാഗൺ ഫ്രൂട്ടും വാണിജ്യാടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്.കയറ്റുമതി കമ്പനികൾക്കും സജി പഴങ്ങൾ നൽകുന്നുണ്ട്.
കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി ബഡ്ഡ് ചെയ്ത് പുതിയ ഇനം വിളകൾ ഉത്പാദിപ്പിക്കുകയാണ് ഈ കർഷകൻ.ഇദ്ദേഹം വികസിപ്പിച്ചെടുത്ത 'നോവ' ജാതിക്ക് അന്താരാഷ്ട്ര വിപണിയിൽ ഏറെ പ്രചാരമാണ്.തന്റെ കൃഷിയിടത്തിലുള്ള മികച്ച ഗുണമേന്മയുള്ള ജാതികളുടെ മുകുളങ്ങൾ കൃഷിയിടത്തിലെ മറ്റു ജാതികളിൽ ബഡ്ഡ് ചെയ്ത് ദീർഘ നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് 'നോവ' ജാതി കണ്ടെത്താൻ സാധിച്ചതെന്ന് സജി പറയുന്നു. മകളെ പോലെയാണ് തന്റെ കൃഷിയിടത്തിൽ വികസിപ്പിച്ചെടുത്ത ജാതിയും, അത് കൊണ്ടാണ് ഏക മകളുടെ പേര് തന്നെ ജാതിക്ക് നൽകിയതെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.ഉയരക്കുറവും, പടർന്ന് വളരുന്ന സ്വഭാവവും, ഉയർന്ന ഉത്പാദനവുമാണ് നോവ ജാതിയുടെ പ്രത്യേകത.
ഭാര്യ ഉഷയും, അധ്യാപികയായ മകൾ നോവയും ഇദ്ദേഹത്തെ കൃഷിയിടത്തിൽ സഹായിക്കുന്നുണ്ട്. കൂടാതെ രണ്ട് സ്ഥിരം ജോലിക്കാരുമുണ്ട്. ക്ഷീര മേഖലയിലും ഇദ്ദേഹം സജീവമായതിനാൽ കൃഷിയിടത്തിലേക്കുള്ള വളവും സുലഭമായി ലഭിക്കും. ചാണകത്തിന് പുറമേ,എല്ല് പൊടി,വേപ്പിൻ പിണ്ണാക്ക്, കോഴിക്കാഷ്ട്ടം എന്നിവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. പറമ്പിൽ ഒരു കാലത്തും വറ്റാത്ത വലിയൊരു കുളവും,രണ്ട് കുഴൽ കിണറുമുള്ളതിനാൽ വെള്ളത്തിനും ബുദ്ധിമുട്ടില്ല.2500ഓളം തിലോപ്പിയ മത്സ്യങ്ങളെ വളർത്തുന്നുണ്ട് .20ഓളം തേനീച്ചക്കൂട്ടിൽ നിന്നായി ചെറു തേനും ലഭിക്കുന്നുണ്ട്.നേന്ത്രനും, പൂവനുമെല്ലാമായി വാഴക്കൃഷിയിലും,മരച്ചീനി,കൈതച്ചക്ക എന്നിവയിലും സജീവം.
2010-11 വർഷത്തിലെ ഏറ്റവും മികച്ച സംയോജിത കർഷകന് നൽകുന്ന സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ് ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു .ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോർട്ടികൾച്ചർ റിസർച്ച്, സി.പി.സി.ആർ.ഐ കാസർഗോഡ്, ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്, ഓൾ കേരള ഫാർമേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2023 ൽ കേരള ബാങ്കിന്റെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനാണ് ലഭിച്ചത്.
മഞ്ഞപ്പിത്തത്തിനും മൈഗ്രെനുമെല്ലാം സൗജന്യ ചികിത്സ നടത്തുന്ന ഇദ്ദേഹം മികച്ച നാട്ടുവൈദ്യൻ എന്ന നിലയിലും അറിയപ്പെടുന്നുണ്ട്. കൃഷിയിടത്തിലെ പച്ചമരുന്നുകൾ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആവശ്യക്കാർക്ക് പഴവർഗങ്ങളുടെ തൈകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്ന് ലഭ്യമാണ്.9447932916
ഫോട്ടോ :സജി മാത്യു തന്റെ കൃഷിയിടത്തിൽ.