തിരുവനന്തപുരം: വൈദ്യുതി കണക്‌ഷന് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കുന്നതിന് നിരക്ക് നിർദേശിച്ച് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. പൊതു വൈദ്യുതിവിതരണ ലൈനിൽനിന്ന് 200 മീറ്റർവരെയുള്ള പോസ്റ്റ് വേണ്ടതും വേണ്ടാത്തതുമായ കണക്‌ഷന് ഒരേ നിരക്കാണ്.
നേരത്തേ കണക്‌ഷനുവേണ്ട പോസ്റ്റുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ശുപാർശ അംഗീകരിച്ചാൽ വീടുകളിൽ കണക്‌ഷനെടുക്കാൻ 560 രൂപമുതൽ 5400 രൂപവരെയാണ് വിവിധ സ്ലാബുകളിലെ വർധന.
സുരക്ഷ കൂടുതലുള്ള ഏരിയൽ െബഞ്ച്ഡ് കേബിൾ ഉപയോഗിച്ചാൽ നിലവിലെ ഫീസിനെക്കാൾ കിലോവാട്ടിന് 15 ശതമാനംവീതം അധികം നൽകണം.
ഗാർഹിക സിംഗിൾ ഫെയ്‌സ് കണക്‌ഷനെടുക്കാൻ നിലവിൽ അഞ്ചുകിലോവാട്ടുവരെ 1950 രൂപയായിരുന്നു. ഇത് മൂന്ന് സ്ലാബുകളായി തിരിച്ച് 2500 മുതൽ 5000 രൂപവരെയാണ് കെ.എസ്.ഇ.ബി. നിർദേശിച്ചത്.
ത്രീഫേസിൽ അഞ്ചുമുതൽ 10 കിലോവാട്ട് വരെ 4642 രൂപയായിരുന്നു. ഇത് രണ്ട് സ്ലാബുകളിലായി എണ്ണായിരം മുതൽ പതിനായിരം രൂപവരെയാക്കി. ഓഗസ്റ്റ് ആറിന് കമ്മിഷൻ തിരുവനന്തപുരത്ത് ഉപഭോക്താക്കളുടെ അഭിപ്രായം കേട്ടശേഷം അന്തിമ തീരുമാനമെടുക്കും.
കിലോവാട്ട് അടിസ്ഥാനത്തിലേ മാറുന്നതോടെ പോസ്റ്റ് വേണ്ടവർക്ക് ലാഭവും വേണ്ടാത്തവർക്ക് നഷ്ടവുമാകും. പോസ്റ്റ് ഒന്നിന് നിലവിൽ 11,000 രൂപ നൽകണം. കണക്ടഡ് ലോഡിലേക്കു മാറുമ്പോൾ 200 മീറ്റർവരെ പോസ്റ്റിന് പണം നൽകേണ്ടതില്ല. കേരളത്തിൽ ഭൂരിഭാഗം പുതിയ കണക്‌ഷനുകളും പോസ്റ്റ് വേണ്ടാത്തവയാണ്.
അതിനാൽ പുതിയരീതിയുടെ പ്രയോജനം ഏറെപ്പേർക്ക് കിട്ടില്ല.
കേന്ദ്ര വൈദ്യുതിനിയമത്തിന്റെ ചട്ടത്തിൽ 2020-ൽത്തന്നെ കണക്‌ഷൻ ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ വേണമെന്ന് നിർദേശിച്ചിരുന്നു. കേരളത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 2024 ൽ സപ്ലൈ കോഡിൽ അതുൾപ്പെടുത്തി.
ആറുമാസത്തിനകം സ്ലാബ് അടിസ്ഥാനത്തിൽ നിരക്ക് ശുപർശ ചെയ്യാൻ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോഴാണ് അപേക്ഷ നൽകുന്നത്. കണക്‌ഷനുവേണ്ട സാധനങ്ങളുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കുമ്പോൾ ചിലരിൽനിന്ന് വളരെക്കൂടുതൽ ഈടാക്കേണ്ടിവരുന്നു.
ഇതിനുപകരം ചെലവ് എല്ലാവർക്കും തുല്യമായി വീതിക്കാനാണ് കണക്ടഡ് ലോഡ് അടിസ്ഥാനത്തിൽ ഫീസ് കണക്കാക്കുന്നത്. എന്നാൽ, പോസ്റ്റ് വേണ്ടവരും വേണ്ടാത്തവരും ഒരേനിരക്ക് നൽകുന്നത് അനീതിയാണെന്ന വാദം ഉയരുന്നുണ്ട്.
കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയപ്പോൾ രണ്ട് രീതിക്കും ഇടയിലുള്ള ശരാശരി ചെലവാണ് നിശ്ചയിച്ചതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. 91 ശതമാനം പേരും അഞ്ച് കിലോവാട്ടിന് താഴെയുള്ള കണക്‌ഷനാണ് എടുക്കുന്നത്. അതിനാൽ ഉയർന്ന സ്ലാബുകളിലെ വർധന വളരെക്കുറച്ച് പേരെ മാത്രമേ ബാധിക്കൂവെന്നും കെ.എസ്.ഇ.ബി. പറയുന്നു.
ഫീസ് നിലവിലുള്ളത് ശുപാർശ വർധന
എൽ.ടി. സിംഗിൾ ഫെയ്‌സ് (ഒരു കിലോവാട്ട് വരെ) 1940 രൂപ. (5 കിലോവാട്ട് വരെ)- 2500 രൂപ വർധന 29%
എൽ.ടി. സിംഗിൾ ഫെയ്‌സ് 1-2 കിലോവാട്ട് 1940 രൂപ 3000 രൂപ 54.7%
എൽ.ടി.സിംഗിൾ ഫെയ്‌സ് 2-5 കിലോവാട്ട് 1940 രൂപ 5000 രൂപ 158%
എൽ.ടി. ത്രീ ഫെയ്‌സ് 5-7 കിലോവാട്ട് 4642രൂപ 8000രൂപ 72%
എൽ.ടി. ത്രീ ഫെയ്‌സ് 7-10 കിലോവാട്ട് 4642 രൂപ 10000 രൂപ 115%
10 കിലോവാട്ടിന് മുകളിൽ
കിലോവാട്ടിന് 1560 രൂപ വീതം
നേട്ടം
റോഡിൽനിന്ന് അല്പം അകലെയുള്ളവർക്ക് അധികം പണം നൽകേണ്ടിവരില്ല.
കണക്‌ഷന് ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് കാത്തുനിൽക്കേണ്ടതില്ല.
കണക്ടഡ് ലോഡ് കാണിച്ച് അപേക്ഷയോടൊപ്പം പണമടയ്ക്കാം.
കോട്ടം
കണക്‌ഷനെടുക്കാൻ ഭൂരിഭാഗംപേർക്കും ഇരട്ടിവരെ ചെലവേറും
പോസ്റ്റ് വേണ്ടാത്തവരും കൂടുതൽ പണം നൽകണം.
രണ്ടു കിലോവാട്ടിന് മുകളിൽ വലിയ വർധന.
Tags:
latest