Trending

പ്രിയദർശിനി തിരിച്ചടിയായി, സ്വകാര്യ ബസുകൾ 'കോമ'യിൽ; ജൂലൈ 1 മുതൽ ഫുൾസ്റ്റോപ്: വയനാട്ടിൽ സർവീസുകൾ നിർത്തും

കൽപറ്റ ∙ കെഎസ്ആർടിസി വനിതകൾക്കനുവദിച്ച സൗജന്യ യാത്ര കാരണം വരുമാന നഷ്ടമുണ്ടാകുന്നെന്നാരോപിച്ചു വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കി. പൂർണമായും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കേണ്ടി വന്ന യാത്രക്കാർ മണിക്കൂറുകളോളം ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും കാത്തിരിക്കേണ്ടി വന്നു. ജൂലൈ 1 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നു അറിയിച്ച ബസ് ഉടമകൾ ജില്ലാ സിവിൽ സ്റ്റേഷനിലേക്കു മാർച്ചും നടത്തി. ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി, സിഐടിയു, എഐടിയുസി അടക്കമുള്ള പ്രമുഖ തൊഴിലാളി സംഘടനകളിൽനിന്നായി നൂറുകണക്കിനു ബസ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.

വലഞ്ഞു സാധാരണക്കാർ
കൽപറ്റ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി 3 അധിക സർവീസ് നടത്തിയിരുന്നെങ്കിലും രണ്ടും മൂന്നും മണിക്കൂറുകളാണു യാത്രക്കാർക്കു ബസിനായി കാത്തിരിക്കേണ്ടിവന്നത്. എല്ലാ ബസുകളിലും യാത്രക്കാർ തിങ്ങിനിറഞ്ഞതോടെ സൂചി കുത്താൻ പോലും ഇടമില്ലാത്ത തരത്തിൽ ആളുകൾ ബുദ്ധിമുട്ടി. സ്വകാര്യ ബസുകൾക്കു കൂടി സർക്കാർ പരിഗണന കൊടുക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ബത്തേരിയിൽ 2 സർവീസുകളാണ് അധികമായി നടത്തിയത്. മാനന്തവാടി ഡിപ്പോയ്ക്കു കീഴിലും കെഎസ്ആർടിസി ബസുകൾ കൂടുതൽ ട്രിപ്പുകൾ ഓടിയെങ്കിലും യാത്രാക്ലേശത്തിനു പരിഹാരമായില്ല

വിദ്യാർഥികളുടെ എണ്ണം പകുതിയായി
കൽപറ്റ നഗരത്തിലെ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കായി എത്തിയത് പകുതി കുട്ടികളാണെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ബത്തേരി, പനമരം, അച്ചൂർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികളിൽ പലർക്കും സ്വകാര്യ ബസ് സമരം കാരണം ക്ലാസിൽ എത്താനായില്ലെന്ന് അധികൃതർ പറഞ്ഞു. കെഎസ്ആർടിസി ബസുകൾ വേണ്ടത്ര സർവീസ് നടത്താത്ത ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെ എത്തുന്ന വിദ്യാർഥികൾക്കു സമരം വൻ
തിരിച്ചടിയായി.


ജൂലൈ 1 മുതൽ അനിശ്ചിതകാല സമരം
ജൂലൈ 1 മുതൽ അനിശ്ചിതകാലത്തേക്കു സമരം തുടങ്ങുമെന്നു ബസ് ഉടമകൾ അറിയിച്ചു. ജില്ലയിൽ ഓടുന്ന 300 ബസുകളിൽ 160 ബസുകൾ ഓട്ടം നിർത്തുന്നതായി കാണിച്ച് ജി–ഫോം സമർപ്പിച്ചതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post