ലോകകപ്പ് വേദികളില്‍ അട്ടിമറികളുടെ പെരുമഴക്കാലം തുടരുന്നു. കരുത്തരായ ജര്‍മനിക്ക് പിന്നാലെ വമ്പന്മാരായ ഹോളണ്ടിനും ലോകകപ്പില്‍ കണ്ണീര്‍മടക്കം. ശ്വാസമടക്കിപ്പിടിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ 3-2 ന് അട്ടിമറിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് രാജകീയമായി മാര്‍ച്ച് ചെയ്തു.
മൈതാനത്ത് നെഞ്ചിടിപ്പ് കൂട്ടിയ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് ആഫ്രിക്കന്‍ അദ്ഭുതമായ മൊറോക്കോ വീണ്ടുമൊരു ചരിത്ര വിജയം എഴുതിച്ചേര്‍ത്തത്. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട് കളിമണ്ണില്‍ പോരാടിയ മൊറോക്കന്‍ നിരയുടെ പ്രാര്‍ത്ഥനകളും അധ്വാനവും ഒടുവില്‍ വെറുതെയായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്കിന്റെ സമ്മര്‍ദ്ദഘട്ടത്തിലാണ് മൊറോക്കോയുടെ ഇസ്മയേല്‍ സായ്ബാരി പന്തുമായി എത്തിയത്. ഗാലറിയെ മുഴുവന്‍ നിശബ്ദമാക്കിക്കൊണ്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രുഗനെ പൂര്‍ണ്ണമായും കാഴ്ചക്കാരനാക്കി സായ്ബാരി പന്ത് വലയുടെ താഴെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി (3-2).
ഗോള്‍ വീണതിന് പിന്നാലെ ജേഴ്‌സിയൂരി ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത സായ്ബാരിയെയും മൊറോക്കന്‍ താരങ്ങളെയും കെട്ടിപ്പിടിച്ച് ഗാലറി ഒന്നിച്ച് ആര്‍ത്തുവിളിക്കുകയായിരുന്നു. ബോസ്റ്റണിലെ ആ കായികവേദി സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മാന്ത്രികമായ ഷൂട്ടൗട്ട് മുഹൂര്‍ത്തങ്ങളില്‍ ഒന്നിനാണ്. വമ്പന്‍മാരുടെ പതനത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ ഇനി കൂടുതല്‍ പ്രവചനാതീതമാകും.
നിശ്ചിത സമയത്ത് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍വീതം നേടി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 72-ാം മിനിറ്റില്‍ കോഡി ഗാക്പോയാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ മൊറോക്കോ ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ താല്‍ബി മൈതാനത്തിന്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്സിലേക്ക് നല്‍കിയ പന്ത് ഡച്ച് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെ മറികടന്ന് ഇസ്സ ഡിയോപ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
Tags:
latest