ആദ്യമൊരു മൂക്കടപ്പ്, പിന്നെ തലവേദനയും പനിയും. അങ്ങനെയായിരുന്നു ലക്ഷണങ്ങൾ. എല്ലാവരും ചെയ്യുന്നതു പോലെ അവരും തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടി. മരുന്നു കഴിച്ചെങ്കിലും പനിക്കു കുറവില്ല. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പനി കൂടി. തുടർ പരിശോധനയിൽ മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തി. മസ്തിഷ്ക ജ്വരമാണെന്ന് തുടക്കത്തിൽ സംശയിക്കേണ്ടതൊന്നും ഈ രോഗികളിൽ ഡോക്ടർമാരും കണ്ടില്ല. ഇവരാരും കുളത്തിലോ തോടുകളിലോ മുങ്ങിക്കുളിച്ചിട്ടുമില്ല. ഒടുവിൽ മസ്തിഷ്കജ്വരം കണ്ടെത്തി ചികിത്സ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിൽ ഭീതി വിതയ്ക്കുന്ന പുതിയ അമീബയാണ് ഈ തലച്ചോർ തിന്നുന്ന മസ്തിഷ്കജ്വരത്തിനു കാരണം. കേരളത്തിലെ പുതിയ വെല്ലുവിളിയും. നവജാത ശിശുവിന് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നതെങ്ങനെ? ‘തലച്ചോർ തിന്നുന്ന’ അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം മൂലം ഏതാനും പേർ മരിച്ച സാഹചര്യത്തിലുയർന്ന ചോദ്യങ്ങളിലൊന്നാണിത്. കൂടുതലായും മുങ്ങിക്കുളിക്കുമ്പോൾ മാത്രം വരുന്ന അമീബിക് ജ്വരം നവജാത ശിശുവിലും വന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും ചെയ്തു. മുങ്ങിക്കുളിച്ചാൽ മാത്രമല്ല മണ്ണിൽ കളിച്ചാലും അമീബ ശരീരത്തിൽ കയറാമെന്ന് ആലപ്പുഴയിൽ ദൃശ്യമായ പുതിയ ഇനം അമീബിക് മസ്തിഷ്കജ്വരം മുന്നറിയിപ്പു നൽകുന്നു.
അക്കാന്തമീബ’ മൂലമുള്ള മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ ആലപ്പുഴയിൽ മരിക്കുകയും 5 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. മുങ്ങിക്കുളി വഴി ശരീരത്തിലെത്തുന്ന നൗഗ്ലേറിയ ഫൗലേറിക്കു പുറമേ വെള്ളവും മണ്ണും കാറ്റും വഴിയാണ് അക്കാന്തമീബ ശരീരത്തിൽ എത്തുന്നത്. ഫൗലേറി അമീബ പോലെ മരണ സാധ്യതയില്ലെങ്കിലും രോഗ നിർണയം വൈകുന്നത് ചികിത്സ ദുഷ്കരമാക്കുന്നു. അടുത്ത കാലത്തായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കാന്തമീബ മൂലമുള്ള രോഗബാധ കൂടുന്നതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും മുന്നറിയിപ്പു നൽകുന്നു. ബംഗാളിലും ഉത്തർപ്രദേശിലും നേരത്തേ കണ്ടെത്തിയ അക്കാന്തമീബ മൂലമുള്ള രോഗബാധ ആലപ്പുഴയിലാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്
അക്കാന്തമീബ രോഗബാധ എത്രത്തോളം മാരകമാണ്?
‘ആലപ്പുഴയിൽ നേരത്തേയും അക്കാന്തമീബ മൂലമുള്ള രോഗബാധകൾ കണ്ടെത്തിയിട്ടുണ്ട്’– ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും ആരോഗ്യ സർവകലാശാല എമിരറ്റസ് പ്രഫസറുമായ ഡോ. ടി.കെ. സുമ പറഞ്ഞു. ‘ ഫൗലേറി മൂലമുള്ള മസ്തിഷ്ക ജ്വരം പോലെ അത്ര മാരകമായ രോഗബാധ വരാറില്ല. പലപ്പോഴും രോഗം വരികയും ഭേദമാകുകയും ചെയ്യും. ഫൗലേറി പോലെ വളരെ വേഗത്തിലല്ല ശരീരത്തിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിക്കാം. മെല്ലെ രണ്ടാഴ്ച കൊണ്ടാണ് തലച്ചോറിൽ എത്തുന്നത്. പക്ഷേ രോഗനിർണയം പലപ്പോഴും വൈകും. പല മാർഗങ്ങളിൽ കൂടി ശരീരത്തിൽ പ്രവേശിക്കാമെന്നതാണ് ആശങ്ക’– ഡോ. സുമ പറയുന്നു. ഇതുതന്നെയാണ് പ്രധാന വെല്ലുവിളി. ആലപ്പുഴയിൽ മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന നഴ്സിനാണ് ആദ്യം രോഗബാധ കണ്ടത്. പനിയായിരുന്നു ലക്ഷണം. രണ്ടാഴ്ച ചികിത്സ കഴിഞ്ഞിട്ടും മാറിയില്ല. പിന്നീട് പരുമല മാർ ഗ്രിഗോറിയസ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സംശയിച്ചതും സ്ഥിരീകരിച്ചതും. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അക്കാന്തമീബ എങ്ങനെയാണ് ശരീരത്തിൽ കയറുന്നത് ?
നൗഗ്ലേറിയ ഫൗലേറി അമീബയിൽ നിന്നു വ്യത്യസ്താണ് അക്കാന്തമീബ. ഫൗലേറിയെക്കാൾ കേരളത്തിൽ കൂടുതലുണ്ട്. കടൽവെള്ളം, നീന്തൽക്കുളം, ടാപ് വാട്ടർ, മണ്ണ്, പൊടി തുടങ്ങി മൂക്കിലെ സ്രവങ്ങളിൽ വരെ അക്കാന്തമീബ ജീവിക്കും. ദേഹത്ത് ‘സ്പൈക്ക്’ പോലുള്ള കൈകളുണ്ട്. ഈ സ്പൈക്കിന് ഗ്രീക്കിൽ ‘അക്കാന്ത്’ എന്നാണ് പേര്. അതിൽ നിന്നാണ് അക്കാന്തമീബ എന്ന പേരു ലഭിച്ചത്. ഈ കാലുകൾ വഴിയാണ് നീങ്ങുന്നതും മറ്റു ജീവികളിൽ പറ്റിപ്പിടിക്കുന്നതും.
ബാക്ടീരിയ, ആൽഗ, ഫംഗസ്, ജൈവ വസ്തുക്കൾ (Organic particles) എന്നിവയാണ് ഭക്ഷണം. വെള്ളത്തിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും മാത്രമല്ല അമീബ സാന്നിധ്യമുള്ള വായു ശ്വസിക്കുമ്പോഴും ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിൽ എത്തിയാൽ ചെറിയ മുറിവുകൾ വഴിയോ കോശഭിത്തി തകർത്തോ മസ്തിഷ്കത്തിലെത്താം. തൊലി, കോർണിയ, മൂക്ക്, ജനനേന്ദ്രിയങ്ങൾ എന്നിവയിലൂടെയാണ് ശരീരത്തിൽ എത്തുന്നത്. യുഎസിൽ കണ്ണിനെ ബാധിച്ച സംഭവങ്ങളിൽ 90% പേരിലും രോഗബാധ വന്നത് കോൺടാക്ട് ലെൻസ് വഴിയാണ്. ഒറ്റ മരുന്നില്ലെന്നതും എളുപ്പത്തിൽ നശിപ്പിക്കാനാകില്ലെന്നതും കരുതൽ ദുഷ്കരമാക്കുന്നു. ഉത്തർ പ്രദേശിൽ മണ്ണിൽ കളിച്ച കുട്ടികൾക്കാണ് രോഗം വന്നത്. ബംഗാളിൽ മണ്ണുമായി ബന്ധപ്പെട്ട ജോലിയുള്ളവർക്കും
എന്തൊക്കെയാണ് രോഗബാധയുടെ ലക്ഷണങ്ങൾ?
തുടക്കത്തിൽ പനിയുടെ ലക്ഷണങ്ങൾ പിന്നീട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളിലേക്കു നീങ്ങുന്നതാണ് രോഗബാധയുടെ രീതി. പനി, തലവേദന, മൂക്കടപ്പ്, ഛർദ്ദി എന്നിവ പൊതുവേ കാണുന്നു. കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്ന അക്കാന്തമീബിക് കെരാറ്റസിസ്, മസ്തിഷ്ക ജ്വരം, ത്വക് രോഗങ്ങൾ എന്നിവയാണ് പ്രധാന രോഗബാധകൾ. കണ്ണിൽ കടുത്ത വേദന അനുഭവപ്പെടുന്നതാണ് ലക്ഷണം. മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സ തന്നെയാണ് നൽകുന്നത്.
അതേ സമയം രോഗനിർണയം വൈകുന്നതാണ് പലപ്പോഴും ചികിത്സ ഫലപ്രദമല്ലാതെ വരുന്നതിനു കാരണം. വെറ്റ് മൗണ്ട്, പിസിആർ എന്നീ ടെസ്റ്റുകൾ വഴിയാണ് രോഗനിർണയം നടത്തുന്നത്. എന്നാൽ ചിലപ്പോൾ ഈ ടെസ്റ്റുകളിൽ അമീബയുടെ സാന്നിധ്യം ലഭിക്കാതെ വരാം. ഏതാനും വർഷം മുൻപ് കോട്ടയത്തും രോഗബാധ വന്നിരുന്നു. തുടക്കത്തിൽ വെറ്റ് മൗണ്ട് ടെസ്റ്റ് ചെയ്തു നോക്കി. ഫലം നെഗറ്റീവായിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ മറ്റൊരു ആശുപത്രിയിൽ ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സ ആരംഭിച്ചെങ്കിലും വൈകിപ്പോയിരുന്നു
അമീബയ്ക്കെതിരെ എന്തു മുൻകരുതലുകൾ എടുക്കണം?
ജലം മലിനമാകുന്നത് തടയുകയും കരുതലോടെ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രതിരോധ മാർഗമെന്ന് ആരോഗ്യ വകുപ്പ് മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. പി. വിനോദ് പറഞ്ഞു. ‘സംശയമുണ്ടെങ്കിൽ പരിചയമില്ലാത്ത വെള്ളത്തിൽ മുങ്ങിക്കുളിയും മറ്റും ഒഴിവാക്കുക. ശരീരത്തിലെ മുറിവുകൾ മലിനജലവുമായി സമ്പർക്കം വരുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. വേനലിൽ വെള്ളം കുറയുന്നത് ഉള്ള വെള്ളത്തിൽ അമീബയുടെ അളവ് കൂടാനും ഇടയാകും. ശരീരത്തിലെ സംശയകരമായ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. ചികിത്സ തേടുക’– ഡോ. വിനോദ് വ്യക്തമാക്കി. വെള്ളം മലിനപ്പെടുന്നത് അമീബയ്ക്ക് ജീവിക്കാൻ സൗകര്യം നൽകും.
കിണറ്റിൽനിന്ന് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം മുക്കി എടുക്കുന്നതായിരുന്നു പഴയ രീതി. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ഇളകും. മോട്ടർ വന്നതോടെ കിണറ്റിലെ വെള്ളം അനക്കമില്ലാതെയായി. ഇത്തരത്തിൽ അനക്കമില്ലാത്ത ജലത്തിൽ അമീബയുടെ സാന്നിധ്യം കൂടാമെന്ന് പരിസ്ഥിതി പ്രവർത്തനായ പി. വിനോദ് കുമാർ പറയുന്നു. ‘കിണറും ടാങ്കും ശുചിയായി സൂക്ഷിക്കണം. ടാങ്കുകൾ മൂടുക. ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. കിണറ്റിലെ വെള്ളം ഇടയ്ക്ക് കപ്പിയും കയറും ഉപയോഗിച്ച് ഇളക്കുക’– അദ്ദേഹം പറഞ്ഞു.
Tags:
latest