Trending

പടക്കംപൊട്ടിച്ചും തീകത്തിച്ചും ഉറങ്ങാതെ കഴിച്ചുകൂട്ടി’;സംഘത്തിന് വഴിതെറ്റിയത് മഴയുംമൂടൽമഞ്ഞും കാരണം

പേരാമ്പ്ര: വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയ ഡിജിറ്റൽ സർവേസംഘത്തെ വനപാലകരുടെ തിരച്ചിൽസംഘം കണ്ടെത്തി തിരിച്ചെത്തിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയിലെ കരിങ്കണ്ണി വനത്തിലാണ് സർവേയർമാരായ അരുൺ ഭരത്, പ്രശാന്ത്, അഖിൽ, സിബിൻ ലാൽ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രവി, ബാലൻ, വാച്ചർ ഷാരോൺ എന്നിവർ ബുധനാഴ്ച അകപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഘത്തെ കണ്ടെത്തിയത്

വ്യാഴാഴ്ച അതിരാവിലെ പൂഴിത്തോട്, കക്കയം, വയനാട് എന്നിവിടങ്ങളിൽനിന്നായി വനം ഉദ്യോഗസ്ഥരുടെ മൂന്നുസംഘങ്ങളാണ് തിരച്ചിലിനായി പോയത്. ബുധനാഴ്ച വൈകീട്ട് അവസാനം ബന്ധപ്പെട്ട സ്ഥലം ലക്ഷ്യമാക്കിയായിരുന്നു ദൗത്യസംഘത്തിന്റെ യാത്ര.

ദൗത്യസംഘം അടയാളം നൽകാൻ പടക്കംപൊട്ടിച്ചതോടെ കാട്ടിൽ കുടുങ്ങിയവരും പടക്കംപൊട്ടിച്ചു. കക്കയത്തുനിന്നുള്ള ഫോറസ്റ്റ് സംഘമാണ് ആദ്യം ഇവരുടെ അടുത്തെത്തിയത്. പിന്നാലെ വയനാടുനിന്നുള്ള സംഘവുമെത്തി.

സർവേ സംഘത്തിലെ പ്രശാന്തിന് കാലിൽ പേശി വലിഞ്ഞതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ, ഇവരെ കുറഞ്ഞദൂരം നടത്തിച്ച് പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. ബാണാസുര ഡാം റിസർവോയർവഴി വനംവകുപ്പിന്റെ ബോട്ടിൽ കയറ്റി പടിഞ്ഞാറത്തറ കുറ്റിയാംവയൽ ഭാഗത്തെത്തിച്ചു. പ്രശാന്തിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. സർവേ ജോയിന്റ് ഡയറക്ടർ സ്വപ്ന മേലൂക്കടവൻ, വയനാട് സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ. ബാലകൃഷ്ണൻ, മാനന്തവാടി സർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, കോഴിക്കോട് സർവേ സൂപ്രണ്ട് ആർ. ഷീബ, വനംവകുപ്പ് വിജിലൻസ് റെയ്‌ഞ്ച് ഓഫീസർ കെ. ഹാഷിഫ് എന്നിവർ സ്ഥലത്തെത്തിയിരുന്നു

രക്ഷാപ്രവർത്തനത്തിന് കുറ്റ്യാടി റെയ്ഞ്ച് ഓഫീസർ പ്രശാന്ത്, കക്കയം െഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി. വിജിത്ത്, ഫോറസ്റ്റർ ബിനേഷ് കുമാർ, ബി.എഫ്.ഒ.മാരായ അർജുൻ രാജ്, അഭിനന്ദ് തുടങ്ങിയവരും കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.

മഴയും മൂടൽമഞ്ഞും വഴിതെറ്റിച്ചു

കോഴിക്കോട്, വയനാട് ജില്ലകളുടെ അതിർത്തിപ്രദേശം സർവേ ചെയ്യാനായാണ് കോഴിക്കോട് ജില്ലയിൽനിന്നുള്ള ഏഴംഗ ഡിജിറ്റൽ സർവേ സംഘം ബുധനാഴ്ച രാവിലെ പൂഴിത്തോട് കരിങ്കണ്ണി വഴി യാത്രതിരിച്ചത്. വനമേഖലയാണ് ഈ സ്ഥലം. ആദ്യദിവസം സർവേ നടത്തി കരിങ്കണ്ണിയിലെ ഫോറസ്റ്റ് ക്യാമ്പിലെത്തി രണ്ടാംദിവസവും സർവേ തുടരാനായിരുന്നു ഉദ്ദേശ്യം. കരിങ്കണ്ണിയിൽനിന്ന് അതിർത്തിയിലേക്ക് ആറുകിലോമീറ്ററോളമുണ്ട്. രണ്ടുമണിക്കൂർ കാൽനടയാത്ര ചെയ്താൽ എത്താവുന്ന സ്ഥലമാണ്. സർവേ പൂർത്തിയാക്കി ഭക്ഷണവുംകഴിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ കരിങ്കണ്ണിയിലുള്ള ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്രതിരിച്ചതാണ് സർവേ സംഘം. പക്ഷേ, ശക്തമായ മഴയും മൂടൽമഞ്ഞുമായതോടെ വഴിതെറ്റിയെന്ന് സർവേസംഘത്തിലെ അരുൺ ഭരത് പറഞ്ഞു.

ഇതോടെ ഏറെദൂരം വഴിതെറ്റി സഞ്ചരിക്കേണ്ടി വന്നു. റെയ്ഞ്ചില്ലാത്ത സ്ഥലമായതിനാൽ പുറത്തേക്ക് ആശയവിനിമയവും അസാധ്യമായി. വാക്കിടോക്കിയും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. 3.56-നാണ് വഴിതെറ്റിയെന്ന വിവരം പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അവസാനമായി അറിയിക്കാൻ കഴിഞ്ഞത്. പിന്നെയും കിലോമീറ്ററുകൾ നടന്നുക്ഷീണിച്ചു. സർവേ സംഘത്തിലെ പ്രശാന്തിന് കാലിൽ മസിൽ കയറി നടക്കാനും പ്രശ്‌നമായി. ഇരുൾപരന്നതോടെ ഇനി നടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി പുഴയുടെ തീരത്ത് പാറപ്പുറത്ത് തങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആനകൾ നിരന്തരം സഞ്ചരിക്കുന്ന മേഖലയാണ്. ഇടയ്ക്ക് ആനച്ചൂരുമുണ്ടായി. അപ്പോഴൊക്കെ പടക്കംപൊട്ടിച്ചും തീകത്തിച്ചും ഉറങ്ങാതെ കഴിച്ചുകൂട്ടി. ഇടയ്ക്ക് മഴപെയ്തു. ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങൾ റെയിൻകോട്ടിനുള്ളിലാക്കി നനയാതെ സംരക്ഷിച്ചു. സർവേക്കായി പോയതിനാൽ അത്യാവശ്യം ഭക്ഷണം കൈയിലുണ്ടായിരുന്നു. കാടുപരിചയമുള്ള വാച്ചർമാർ ഉണ്ടായതുകൊണ്ട് വലിയ ആശങ്കയുണ്ടായില്ല. രാവിലെയായതോടെയാണ് വീണ്ടും പുറത്തേക്കുകടക്കാനുള്ള ശ്രമംതുടങ്ങിയത്. അപ്പോഴേക്കും രക്ഷാപ്രവർത്തകരും അടുത്തെത്തി. വന്യമൃഗങ്ങളിറങ്ങുന്ന ദുർഘട മേഖലയായതിനാൽ ബുധനാഴ്ച രാത്രിയിൽ തിരച്ചിൽ നടത്തുന്നത് സുരക്ഷിതമായിരുന്നില്ല. അതിരാവിലെ ദൗത്യസംഘം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിനാൽ വളരെ വേഗത്തിൽ കണ്ടെത്താനും കഴിഞ്ഞു.

Post a Comment

Previous Post Next Post