കൂമ്പാറ : പുലിയും പൂച്ചയും കിണറ്റിൽവീണ് ചത്തനിലയിൽ. കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ ആനക്കല്ലുംപാറ ഔസേപ്പിന്റെ കിണറ്റിലാണ് ജഡം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാട്ടുകാരാണ് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് കിണറ്റിലേക്ക് എത്തിനോക്കിയപ്പോൾ പുലിയുടെയും പൂച്ചയുടെയും ജഡം കണ്ടെത്തിയത്. സുമാർ നാലുവയസ്സ് പ്രായമുള്ള പെൺപുലിയാണ്. ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു
കൂമ്പാറ-ആനക്കല്ലുംപാറ പ്രധാന റോഡരികിൽ ആൾതാമസമില്ലാത്ത വീടിനോടുചേർന്ന കിണറ്റിലാണ് ജഡങ്ങൾ. മൂന്നാലുദിവസത്തെ പഴക്കമുണ്ട്. നേരത്തേ പുലിസാന്നിധ്യം സ്ഥിരീകരിച്ച സ്ഥലമാണിത്. രണ്ടാഴ്ചമുൻപ് ആനക്കല്ലുംപാറ കുട്ടൻ ബാബുവിന്റെ വീട്ടിൽനിന്ന് പുലി പട്ടിയെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നിരുന്നു. തൊട്ടടുത്ത പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം പുലികൾ കൂട്ടിലും കിണറ്റിലും അകപ്പെട്ടിരുന്നു. ജനവാസമേഖലയിൽ പുലിസാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖലകൂടിയാണിത്.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെയും ആനക്കാംപൊയിൽ സ്റ്റേഷന്റെയും കീഴിലുള്ള പീടികപ്പാറ സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്. ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുള്ള ആർ.ആർ.ടി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ. ഷാജീവിന്റെ നേതൃത്വത്തിൽ രാത്രി വനപാലകരെത്തി ജഡങ്ങൾ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പിന്നീട് നടക്കും. പുലി പൂച്ചയെ വേട്ടയാടുന്നതിനിടെ കിണറ്റിൽ വീണതാകാനാണ് സാധ്യതയെന്ന് കെ. ഷാജീവ് പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, വാർഡ് മെമ്പർ സക്കീന സലീം, ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തി. ആർ.ആർ.ടി. മുഴുവൻസമയ നിരീക്ഷണമേർപ്പെടുത്തണമെന്നും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്നും ആർ.ജെ.ഡി. ജില്ലാസെക്രട്ടറി വിൽസൺ പുല്ലുവേലിൽ ആവശ്യപ്പെട്ടു.