Trending

വണ്ടി കൊച്ചിയിലെ വീട്ടിൽ; വ്യാജ നമ്പർ ഉപയോഗിച്ച് പെട്രോൾ അടിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്ന്; കുടുങ്ങുന്നത് നിരപരാധിയായ വാഹന ഉടമ



തന്റെ കാറിന്റെ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് സംഘം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിലസുന്നതിന്റെ ഞെട്ടലിലാണ് എറണാകുളം മുണ്ടംവേലി സ്വദേശിയായ അലൻ. അലന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ വ്യാജമായി നിർമ്മിച്ച് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പുകാർ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നത്.

ഏപ്രിൽ മൂന്നിനാണ് മലപ്പുറത്തെ ഒരു പെട്രോൾ പമ്പിൽ നിന്ന് ആദ്യത്തെ വിളി വരുന്നത്. അലന്റെ കാറിന്റെ നമ്പറുള്ള വണ്ടി ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞു എന്നായിരുന്നു പമ്പ് അധികൃതരുടെ പരാതി.

എന്നാൽ ആ സമയത്ത് അലന്റെ കാർ സ്വന്തം വീട്ടിലുണ്ടായിരുന്നു. ഇതോടെയാണ് തന്റെ നമ്പർ പ്ലേറ്റ് ദുരുപയോഗം ചെയ്യപ്പെടുന്ന വിവരം ഇദ്ദേഹം അറിയുന്നത്. ഉടൻ തന്നെ പോലീസിലും ആർ.ടി.ഒയ്ക്കും പരാതി നൽകിയെങ്കിലും നടപടികൾ വൈകുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച മലപ്പുറത്തെ മറ്റൊരു പമ്പിൽ നിന്നും സമാനമായ പരാതിയുമായി വിളി വന്നു.

പെട്രോൾ പമ്പിലെ ചെറിയ തട്ടിപ്പുകൾക്ക് പുറമെ, ഇതേ നമ്പർ ഉപയോഗിച്ച് വലിയ മോഷണങ്ങളോ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളോ നടന്നാൽ അത് തന്നെ ബാധിക്കുമോ എന്നതാണ് അലന്റെ പ്രധാന പേടി. പോലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് സംഘം അതേ നമ്പറുമായി പൊതുനിരത്തിലൂടെ യഥേഷ്ടം കറങ്ങുന്നത് പോലീസിന്റെയും ആർ.ടി.ഒയുടെയും വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി വ്യാജന്മാരെ ഉടൻ പിടികൂടണമെന്നാണ് അലന്റെ ആവശ്യം.

Post a Comment

Previous Post Next Post