കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥികൾ. ജാതീയമായി അധിക്ഷേപിച്ചെന്നും വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചെന്നും ഇപ്പോൾ തങ്ങളെ നിരീക്ഷിക്കാൻ ആളെ നിർത്തിയിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സഹപാഠികളെക്കൊണ്ട് തല്ലിക്കാൻ ശ്രമിച്ചുവെന്നും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്ന് അവർ ആരോപിക്കുന്നു. പ്രതിഷേധിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്തി കരിയർ നശിപ്പിക്കാനും ആണ് കോളജ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അധ്യാപകനെ പുറത്താക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരപരിപാടികളിലേക്ക് കടക്കാനും വിദ്യാർഥികൾ ആലോചിക്കുന്നുണ്ട്.
നിലവിൽ തങ്ങളെ നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളെ വെച്ചെിട്ടുണ്ട്. ഫോട്ടോയും ദൃശ്യങ്ങളും പകർത്തി കരിയർ ഇല്ലാതാക്കുമെന്ന് ഭയമുണ്ട്. എന്നാൽ, വീട്ടിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ മീഡിയയോട് പ്രതികരിക്കാൻ ഇറങ്ങിയത്. ആളെ നിരീക്ഷിക്കനല്ലാതെ ഈയൊരു പ്രശ്നങ്ങളിൽ ഉചിതമായ ഒരു തീരുമാനം എടുക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
തന്നെ കാണാൻ ആദിവാസി ചെക്കനെ പോലെയും ആദിവാസി ക്യാരക്ടറിനെ പോലെയും ഉണ്ടെന്നാണ് പറഞ്ഞതെന്ന് മറ്റൊരു വിദ്യാർഥി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും പ്രതികരിച്ചാൽ റീ വൈവ നടത്തും. ഇല്ലെങ്കിൽ 10 ചോദ്യം അധികം ചോദിപ്പിക്കും. ഇങ്ങനെയൊക്കെ ആയിരുന്നു അവരുടെ മനോഭാവം.
2017ൽ ഒരു വിദ്യാർഥി തന്റെ പിതാവിന്റെ കൂടെ പുറത്ത് കറങ്ങാൻ പോയിരുന്നു. ഇതിനെ വളരെ മോശമായിട്ടാണ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ചിത്രീകരിച്ചത്. ഇതിനെതിരെ സംസാരിച്ച ആ വിദ്യാർഥിനിയുടെ രണ്ട് വർഷമാണ് ഇവർ കളഞ്ഞത്. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന പല കാര്യത്തലും പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. പോക്കറ്റിലെ ചെറിയ ഒരു തുന്നൽ വിട്ടതിന് ഓഫിസിലേക്ക് വിളിച്ചുവരുത്തി പോക്കറ്റ് മുഴുവൻ വലിച്ചു കീറിയെന്നും മറ്റൊരു വിദ്യാർഥി പറഞ്ഞു.
ഒരു പെൺ കുട്ടിയോട് ചെരുപ്പുകൊണ്ട് തന്നെ അടിക്കാൻ പറഞ്ഞു. എന്നാൽ, പറ്റാത്തതുകൊണ്ട് അവൾ ചെരുപ്പ് താഴെയിടുകയായിരുന്നു. അങ്ങനെ നിരവധി സംഭവങ്ങൾ ഇവിടെ പഠിക്കുന്ന ഓരോ കുട്ടിൾക്ക് പറയാനുണ്ടാകുമെന്നും വിദ്യാർഥികൾ പറഞ്ഞു.അതേസമയം, നേരത്തെ നിതിന്റെ കുടുംബം ഉന്നയിച്ചതിന് സമാനമായിട്ടുള്ള കാര്യങ്ങളാണ് മറ്റു വിദ്യാർഥികളും ഉന്നയിച്ചിരിക്കുന്നത്.
Tags:
latest