തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ മേഖലയിൽ അധ്യാപകരുടെ യോഗ്യത, തസ്തിക നിർണ്ണയം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. സുപ്രീം കോടതി വിധിന്യായത്തിന്റെ പശ്ചാത്തലത്തിലും കായിക-ഭാഷാ പഠന മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ ഉത്തരവുകൾ പുറത്തിറങ്ങി.
കെ-ടെറ്റ് യോഗ്യതയിൽ ഇളവ്
അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് പൊതുവിദ്യഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.
കുടിശ്ശിക വിതരണം: കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (SET, NET, M.Ed, M.Phil, Ph.D) ദിവസവേതന അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള കുടിശ്ശിക വേതനം നൽകാൻ തീരുമാനിച്ചു.
കാറ്റഗറി ഇളവ്: കെ-ടെറ്റ് കാറ്റഗറി III വിജയിച്ച അധ്യാപകരെ കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി.
നിയമനടപടികൾ: ഈ തീരുമാനങ്ങൾ സുപ്രീം കോടതിയിലെ റിവ്യൂ പെറ്റീഷനിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും.
കായിക അധ്യാപക തസ്തികകൾ പരിഷ്‌കരിക്കുന്നു
സ്‌കൂളുകളിൽ മികവുറ്റ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി കായിക അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കും.
നിലവിലെ കെ.ഇ.ആർ (KER) ചട്ടങ്ങൾ കാലോചിതമല്ലെന്ന് വിലയിരുത്തിയ സർക്കാർ, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വിഷയങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ട ഭേദഗതികൾ വരുത്തും.
ഹയർസെക്കൻഡറി തസ്തിക നിർണ്ണയം
സർക്കാർ സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും അംഗീകാരം നൽകി.
പുതിയ തസ്തികകൾ: 119 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകളും 68 എച്ച്.എസ്.എസ്.റ്റി തസ്തികകളും പുതുതായി ചേർത്തിട്ടുണ്ട്.
അപ്‌ഗ്രേഡേഷൻ: 146 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകളെ എച്ച്.എസ്.എസ്.റ്റി ആയി ഉയർത്തി. 143 എച്ച്.എസ്.എസ്.റ്റി തസ്തികകൾ ജൂനിയർ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
മലയാളത്തിന് പ്രോത്സാഹനം: പുതിയ സ്‌കോളർഷിപ്പ്
ഹയർസെക്കൻഡറി തലത്തിൽ മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തി.
പത്താം ക്ലാസ്സിൽ മലയാളത്തിന് ഉന്നത വിജയം നേടുകയും ഹയർസെക്കൻഡറിയിൽ മലയാളം ഉപഭാഷയായി പഠിക്കുകയും ചെയ്യുന്നവർക്കാണ് അർഹത. ഇതുസംബന്ധിച്ച സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും.
പ്രീ-പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു
സംസ്ഥാനത്തെ സർക്കാർ പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവ് വരുത്തി.
പുതുക്കിയ നിരക്ക്: സേവന ദൈർഘ്യം അനുസരിച്ച് അധ്യാപകർക്ക് 13,000 - 13,500 രൂപയായും ആയമാർക്ക് 8,000 - 8,500 രൂപയായും ഓണറേറിയം വർധിക്കും.
ഈ സാമ്പത്തിക വർഷം തന്നെ രണ്ട് തവണയാണ് വർധനവ്. കുറവ് വന്ന തുക 2026 ഫെബ്രുവരി മാസത്തിൽ നൽകുന്നതാണ്. ഓണറേറിയം വെട്ടിക്കുറച്ചു എന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.
Tags:
latest