കോഴിക്കോട്: മലബാറിൽനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാദുരിതത്തിന് ആശ്വാസമായി ബെംഗളൂരു-കണ്ണൂർ എക്‌സ്പ്രസ്(16511/16512) കോഴിക്കോട്ടേക്ക് നീട്ടി. 15 മുതൽ കോഴിക്കോട്ടേക്കുള്ള സർവീസ് ആരംഭിക്കും. രാത്രി 9.35-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12.40-നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുക. തിരികെ വൈകീട്ട് 3.30-നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടുക. വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് പഴയ സമയക്രമം പാലിച്ച് ബെംഗളൂരുവിലേക്ക് സർവീസ് തുടരും. പിറ്റേദിവസം പുലർച്ചെ 6.35-നാണ് ബെംഗളൂരുവിൽ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ട്രെയിൻ കോഴിക്കോടുവരെ നീട്ടിയത് മലബാറിൽനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാക്ലേശത്തിന് ചെറിയൊരളവിലെങ്കിലും ആശ്വാസമാവുമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. 2024 ഫെബ്രുവരിയിൽത്തന്നെ ഈ ട്രെയിൻ നീട്ടിക്കൊണ്ട് റെയിൽവേ ഉത്തരവിറക്കിയെങ്കിലും സാങ്കേതികമായ പല തടസ്സങ്ങൾകാരണം യാഥാർഥ്യമായിരുന്നില്ല. റെയിൽവേ മന്ത്രാലയത്തിലും പാർലമെന്റിലും നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഫലംകണ്ടതെന്ന് എം.പി. വ്യക്തമാക്കി.
ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ കോഴിക്കോട്ടുനിന്ന് ഒട്ടേറെപ്പേർ ജോലിചെയ്യുന്നുണ്ട്. വിദ്യാർഥികളും സ്ഥിരമായി യാത്രചെയ്യുന്ന വ്യാപാരികളുൾപ്പെടെയുള്ള യാത്രക്കാരുമുണ്ട്. അവർക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടും. നിലവിൽ സേലം വഴിയുള്ള കണ്ണൂർ- യശ്വന്തപുര എക്‌സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നുള്ളത്. ഒരുപാടുകാലമായുള്ള ആവശ്യമാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഒരു അധിക െട്രയിൻ എന്നത്. നിലവിൽ സ്വകാര്യ ബസ് സർവീസുകളെയാണ് കൂടുതൽപ്പേരും ആശ്രയിക്കുന്നത്. പുതിയ െട്രയിൻ വലിയ അളവിൽ യാത്രക്കാർക്ക് ഗുണംചെയ്യും. വൈകീട്ട് 3.30-ന് ഇവിടെനിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6.35-ന് ബെംഗളൂരുവിൽ എത്തുന്ന സമയക്രമമായതിനാൽ ഐ.ടി. സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഗുണംചെയ്യും. കോഴിക്കോട്ടുനിന്ന് മംഗലാപുരം ഭാഗത്തേക്ക് വൈകീട്ട് മറ്റുതീവണ്ടികളിലുള്ള തിരക്കും കുറയും.
കോഴിക്കോട്ടേക്ക്
കണ്ണൂർ (10.55), തലശ്ശേരി(11.20), വടകര (11.41), കൊയിലാണ്ടി(11.58)
കണ്ണൂരിലേക്ക്
കൊയിലാണ്ടി(03.52), വടകര(04.12), തലശ്ശേരി(04.34), കണ്ണൂർ(5.00)
Tags:
latest