തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി നോട്ടീസ് നൽകിയ മുഴുവൻ പേരുടെയും ഹിയറിങ് പൂർത്തിയായി. 2002-ലെ എസ്.ഐ.ആർ. വോട്ടർപട്ടികയിലെ വിവരങ്ങളുമായി ചേരാത്തവർ (നോ മാപ്പിങ്), മറ്റുതരത്തിൽ പിശകുള്ളവർ തുടങ്ങിയവരടക്കം 36,88,948 പേർക്കാണ് നോട്ടീസ് നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ നിശ്ചയിച്ചതുപോലെ ഹിയറിങ് 100 ശതമാനമാക്കിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രണ്ടുദിവസംമുൻപ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 39,297 പേരാണ് പട്ടികയിൽനിന്ന് പുറത്തായത്. എന്യൂമറേഷൻ കാലത്ത് മരിച്ചവർ, സ്ഥലംമാറിപ്പോയവർ, വിദേശപൗരത്വം സ്വീകരിച്ചവർ എന്നിവരാണ് കരട് പട്ടികയിൽനിന്ന് പുറത്തായത്. അന്തിമകണക്കുവരുമ്പോൾ ഇത് നാൽപ്പതിനായിരത്തിനുമുകളിലെത്തും. കരട് വോട്ടർപട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്.
കണക്കുകൾ അന്തിമമാക്കുന്ന മുറയ്ക്കായിരിക്കും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം. 21-ന് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
Tags:
latest
