Trending

കത്തുകൾ നിലച്ചു; ഇനി പോസ്റ്റ്മാൻ മ്യൂച്ച്വൽ ഫണ്ടുകൾ വിതരണം ചെയ്യും

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കത്തുകൾ വിതരണം ചെയ്യാനില്ലാതായതോടെ പുതിയ പദ്ധതിക്ക് തുടക്കമിട്ട് തപാൽ വകുപ്പ്. തപാൽ ഉരുപ്പടികൾക്കൊപ്പം മ്യൂച്ച്വൽ ഫണ്ട് സേവനങ്ങളും വിതരണം ചെയ്യാനാണ് പദ്ധതി. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് രാജ്യ​ത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ നഗരങ്ങളിലെ നിക്ഷേപകരിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന മ്യൂച്ച്വൽ ഫണ്ടുകൾ വിദൂരത്തിലു​ള്ള ഗ്രാമങ്ങളിലുള്ളവർക്കും ലഭ്യമാകും. പോസ്റ്റ് ഓഫിസ് വഴി മ്യൂച്ച്വൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിന് തപാൽ വകുപ്പുമായി ഇന്ത്യയിലെ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ അസോസിയേഷൻ (എ.എം.എഫ്.ഐ) കഴിഞ്ഞ ആഗസ്റ്റിൽ ധാരണപത്രം ഒപ്പിട്ടിരുന്നു. മുംബൈ, പൂണെ, നാഗ്പൂർ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം പോസ്റ്റ് ഓഫിസ് വഴി മ്യൂച്ച്വൽ ഫണ്ടുകൾ വിതരണം ചെയ്തിരുന്നത്. ഇതിനായി 320 ജീവനക്കാർക്ക് പരിശീലനം നൽകി.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് പരീക്ഷ എഴുതി ജയിച്ചവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതിക്കായി 10,000 ജീവനക്കാർക്ക് പരിശീലനം നൽകാനാണ് ആലോചിക്കുന്നതെന്ന് എ.എം.എഫ്.ഐ എക്സികുട്ടിവ് വെങ്കട്ട് എൻ. ചെലസാനി പറഞ്ഞു. അടുത്ത ഘട്ടത്തിൽ പഞ്ചാബിലും ഹരിയാനയിലും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലുമാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മ്യൂച്ച്വൽ ഫണ്ട് വിൽക്കുന്ന തപാൽ ജീവനക്കാരന് 2000 രൂപ ഇൻസെന്റീവ് നൽകുമെന്ന് ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സാധാരണ മ്യൂച്ച്വൽ ഫണ്ട് വിൽക്കുന്നവർക്ക് ലഭിക്കുന്ന കമ്മീഷനേക്കാൾ അധികമാണിത്.

തപാൽ വകുപ്പിന്റെ വിശാലമായ പോസ്റ്റ് ഓഫിസ് നെറ്റ്വർക്കിലൂടെ ഉപഭോക്താക്കളെ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സഹായിക്കുകയാണ് പദ്ധതിയിലൂടെ എ.എം.എഫ്.ഐ ലക്ഷ്യമിടുന്നത്. നിലവിൽ ഗ്രാമങ്ങളിലുള്ളവർക്ക് മ്യൂച്ച്വൽ ഫണ്ടുകൾ ലഭ്യമല്ലാത്തതിനാൽ തപാൽ വകുപ്പിന്റെ പദ്ധതി നേട്ടമാകുമെന്നാണ് പ്രതീക്ഷ. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപത്തിൽ 80 ശതമാനവും രാജ്യത്തെ 10 പ്രധാന നഗരങ്ങളിലുള്ളവരുടെതാണെന്ന് എ.എം.എഫ്.ഐ കണക്കുകൾ പറയുന്നു. 65 ശതമാനം ഇന്ത്യക്കാർക്കും മ്യൂച്ച്വൽ ഫണ്ടുകളെ കുറിച്ച് അറിയാമെങ്കിലും വെറും ഏഴ് ശതമാനം പേർ മാത്രമാണ് നിക്ഷേപിക്കുന്നത്. അതായത് 5.9 കോടി പേർ. മ്യൂച്ച്വൽ ഫണ്ടുകൾ ഇനിയും 50 കോടിയോളം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് എ.എം.എഫ്.ഐയുടെ പ്രതീക്ഷ.  

Post a Comment

Previous Post Next Post