കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പു സാമ്പത്തികവർഷം കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയായി കേന്ദ്രസർക്കാർ വർധിപ്പിച്ചു. നേരത്തേ ആറുകോടി തൊഴിൽദിനങ്ങളായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിൽ തന്നെ അനുവദിച്ച തൊഴിൽദിനങ്ങൾ കേരളം പിന്നിട്ടിരുന്നു. ഇപ്പോൾ ആറേകാൽ കോടി കടന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദത്തെത്തുടർന്നാണ് വർധന.
തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിലും കേരളം മുന്നിലാണ്. പ്രതിവർഷം ഒരു കുടുംബത്തിന് 100 ദിനം നൽകേണ്ട പദ്ധതിയിൽ ശരാശരി 52 തൊഴിൽദിനങ്ങൾ കേരളം ഇതുവരെ നൽകിയിട്ടുണ്ട്. ദേശീയതലത്തിൽ ഇത് 39 മാത്രമാണ്. കേരളത്തിൽ 1,12,068 കുടുംബങ്ങൾക്ക് ഇതുവരെ നൂറുദിവസവും തൊഴിൽ ലഭിച്ചിട്ടുണ്ട്. 2706 കോടി രൂപയാണ് ഇതുവരെയുള്ള ചെലവ്. ഇതിൽ 2,337 കോടി രൂപയും അവിദഗ്ധ തൊഴിലാളികളുടെ വേതനമായി അവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകിയതാണ്.
കേരളത്തിൽ 40.44 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയിൽ തൊഴിൽ കാർഡ് ഉള്ളത്. ഇതിൽ 19.4 ലക്ഷം കുടുംബങ്ങളാണ് സജീവ തൊഴിലാളികളായി പണിയെടുക്കുന്നത്. ഈ വർഷം ഇതുവരെ 12.1 ലക്ഷം കുടുംബങ്ങളിലെ 13.42 ലക്ഷം തൊഴിലാളികൾ ജോലിക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 13.72 ലക്ഷം കുടുംബങ്ങളിലെ 115.4 ലക്ഷം തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നു.
കഴിഞ്ഞവർഷം ആറുകോടി തൊഴിൽദിനങ്ങളാണ് അനുവദിച്ചതെങ്കിലും 8.95 കോടി തൊഴിൽദിനങ്ങൾ കേരളം സൃഷ്ടിച്ചിരുന്നു. 2021-22 ൽ 10.55 കോടി, 2022-23 ൽ 9.55 കോടി, 2023-24 ൽ 9.76 കോടി, 2024-25 ൽ 8.95 കോടി എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ കേരളം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചത്. തൊഴിലുറപ്പിന്റെ പുതിയ പതിപ്പ് വരുന്നതോടെ ആദ്യം അനുവദിക്കുന്ന തൊഴിൽദിനങ്ങളിൽ കൂടിയാൽ അധിക ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും.
Tags:
latest
