Trending

ബിഎസ്എൻഎൽ 5G ടവർ തട്ടിപ്പ്! നിങ്ങളെയും തേടിയെത്തിയേക്കാം, സൂക്ഷിക്കുക


'ബി.എസ്.എൻ.എൽ 5ജി ടവർ സ്ഥാപിക്കാൻ താങ്കളുടെ ഭൂമി തിരഞ്ഞെടുത്തു' എന്നറിയിച്ചുകൊണ്ടുള്ള ഒരു എതിർപ്പില്ലാ രേഖ (എൻഒസി) നിങ്ങളെയും തേടിയെത്തിയേക്കാം. 'ഭാരത് ദൂർസഞ്ചാർ മന്ത്രാലയം' നടത്തിയ ഓൺലൈൻ സാറ്റലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തിരഞ്ഞെടുത്തതെന്നായിരിക്കും ഇതിൽ പറയുക. കരാർ നടപടികൾക്കായി 'എഗ്രിമെന്റ് ചാർജ്' ഇനത്തിൽ 2500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താവിനിമയ മന്ത്രാലയത്തിന്റെ പേരിലുള്ള ഈ എൻഒസിയിൽ ഉണ്ടാകും

ബിഎസ്എൻഎൽ ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾ എത്തിക്കാനുള്ള തയാറെടുപ്പിലാണ്. നിലവിലെ 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് 'എതിർപ്പില്ലാ രേഖ' പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഇത് വിശ്വസിച്ച് പണം കൈമാറേണ്ട. കാരണം, രാജ്യവ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പാണിത് എന്നതാണ് യാഥാർത്ഥ്യം.

ഈ എൻഒസി സൂക്ഷമമായി പരിശോധിച്ചാൽ ഇതിൽ അക്ഷരത്തെറ്റുകൾ ഉൾപ്പടെ പല അപാകതകളും കണ്ടെത്താനാകും. കത്തിന്റെ ഏറ്റവും മുകളിൽ ഇംഗ്ലീഷിൽ 'Department of Telecommunication, Ministry of Communications' (ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം) എന്ന് നൽകിയിട്ടുണ്ട്. ഔദ്യോഗികമായി 'Department of Telecommunications' എന്നാണ് പറയുക. ഇംഗ്ലീഷിൽ 'Ministry of Communications and Information Technology' എന്ന് രേഖപ്പെടുത്തിയതിന് താഴെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ പേര് ഹിന്ദിയിൽ എഴുതിയിരിക്കുന്നതായി കാണാം. ഇവ വ്യത്യസ്ത മന്ത്രാലയങ്ങളാണ്, മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതുമായി ഇവയ്ക്ക് ബന്ധവുമില്ല.

മാത്രമല്ല, കത്തിൽ 'Bharat Doorsanchar Mantralaya' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ ഹിന്ദിയിലുള്ള പേരാണ് കത്തിൽ ഇംഗ്ലീഷിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഒരു ഔദ്യോഗിക രേഖയിൽ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങൾ ഉണ്ടാകില്ല.

കൂടാതെ, ഈ രേഖയിലൂടനീളം അക്ഷര, വ്യാകരണ തെറ്റുകളും ഉണ്ട്. ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ ടെലികോം കമ്പനികൾ ഓൺലൈൻ സാറ്റലൈറ്റ് സർവ്വെയുടെ അടിസ്ഥാനത്തിൽ മാത്രം ഏതെങ്കിലും സ്ഥലം ടവർ സ്ഥാപിക്കാൻ തിരഞ്ഞെടുക്കില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എഗ്രിമൻറ് ചാർജായി 2500 രൂപ നൽകണം എന്ന വാദമാണ്. യഥാർത്ഥത്തിൽ ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഉടമയക്കാണ് മൊബൈൽ സേവന ദാതാക്കളിൽനിന്നു വാടക ലഭിക്കുക. പ്രചരിക്കുന്ന എൻഒസിയിൽ സംശയ നിവാരണത്തിനായി ബന്ധപ്പെടാൻ പായൽ എന്ന സ്ത്രീയുടെ പേരും നമ്പറും നൽകിയിട്ടുണ്ട്. ഈ സ്ത്രീയുടെ പേരിനൊപ്പം പക്ഷെ, 'Mr. Payal' എന്നാണ് എഴുതിയിരിക്കുന്നത്. സാധാരണയായി സർക്കാർ കത്തുകളിൽ വ്യക്തികളുടെ മൊബൈൽ നമ്പർ ഇത്തരത്തിൽ നൽകാറില്ല.

കത്തിൽ ഡിജിറ്റൽ ഇന്ത്യ, ബിഎസ്എൻഎൽ എന്നിവയുടെ ലോഗോകൾ വിശ്വാസ്യതക്കായി നൽകിയിട്ടുണ്ട്. എന്നാൽ അതിനൊപ്പം 'Indian Telecom Pvt Ltd' എന്നൊരു പ്രൈവറ്റ് കമ്പനിയുടെ സീലും കാണാം. സർക്കാർ കത്തിൽ പ്രൈവറ്റ് കമ്പനിയുടെ സീൽ വരില്ല.

ഇത് തട്ടിപ്പാണെന്ന് കേന്ദ്ര സർക്കാറിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കുകയോ പണം അയക്കുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക

Post a Comment

Previous Post Next Post