മംഗലംഡാം ∙ വീടിന്റെ മുറ്റത്തെത്തിയ കടുവയെ കണ്ട നടുക്കത്തിലാണ് ഓടംതോട് സിവിഎം കുന്ന് ചരപ്പറമ്പിൽ രവീന്ദ്രന്റെ മകൻ രാഹുലും കുടുംബവും. വ്യാഴം രാത്രി 9 മണിയോടെ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു രാഹുൽ. ഈ സമയം ഭാര്യ അർച്ചന 5 വയസ്സുകാരനായ മകൻ ഋത്വികിനെ വീടിന്റെ പുറത്തുള്ള ശുചിമുറിയിൽ കൊണ്ടുപോയി തിരിച്ചു വരുന്നുണ്ടായിരുന്നു. മുരൾച്ച കേട്ടു നോക്കുമ്പോൾ തൊട്ടു മുന്നിൽ കടുവ. കുട്ടിയെയും എടുത്ത് നിലവിളിച്ചു കൊണ്ടു രാഹുലും അർച്ചനയും വീടിനകത്തേക്ക് ഓടിക്കയറി വാതിലടച്ചു. വീട്ടിലുള്ളവരും വലിയ ശബ്ദമുണ്ടാക്കി.
കടുവ പതുക്കെ നടന്നുനീങ്ങുന്നതു ജനലിലൂടെ കണ്ടതായി രാഹുൽ പറഞ്ഞു. വിവരമറിയിച്ചതനുസരിച്ച് ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പടക്കം പൊട്ടിച്ചു പരിസരം മുഴുവൻ നിരീക്ഷണം നടത്തി. വീടിന്റെ പിന്നിലുള്ള പശുത്തൊഴുത്തിനു ചുറ്റും വല കെട്ടി മുറ്റത്തു വിറകു മുട്ടികൾക്കു തീയിട്ടു സുരക്ഷയൊരുക്കിയെങ്കിലും ഭയം കൊണ്ടു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നു വീട്ടുകാർ പറഞ്ഞു. മുൻപും പലപ്പോഴും പുലി വരാറുണ്ടെന്നും എട്ടു വളർത്തുനായ്ക്കളെയും ഒരു പശുക്കുട്ടിയെയും പുലി പിടിച്ചിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. നാലു ദിവസം മുൻപും വീടിനു മുൻപിലുള്ള തോട്ടിൽ കടുവ എത്തിയതായും കൂടെ കുട്ടിയുണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു.
വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം കാടുമൂടിക്കിടക്കുകയാണ്.ഡാം ഏരിയയിൽ പല ഭാഗത്തും കടുവയുടെ കാൽപാടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സിവിഎം കുന്ന്, അട്ടവാടി ഭാഗങ്ങളിലായി നാൽപതോളം കുടുംബങ്ങളും തോട്ടം തൊഴിലാളികളുമുണ്ട്. പ്രദേശത്ത് എത്രയും വേഗം കൂടു സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.ആലത്തൂർ റേഞ്ച് ഓഫിസർ എൻ. സുബൈർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കടുവയെ കണ്ടെന്നു പറഞ്ഞ മേഖലയിൽ മൂന്നു ഭാഗത്തായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും വനം വകുപ്പിന്റെ അധീനതയിലുള്ള പരിസര പ്രദേശങ്ങളിലെ അടിക്കാട് വെട്ടി തീയിടുകയും ചെയ്തു. പടക്കം പൊട്ടിച്ച് മൃഗങ്ങളെ ഉൾക്കാട്ടിലേക്കു കയറ്റിവിടാനുള്ള നടപടികൾ തുടരുന്നുണ്ടെന്നും രാത്രികാല നിരീക്ഷണമടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കാടുമൂടിക്കിടക്കുന്ന സ്വകാര്യവ്യക്തികളുടെ സ്ഥലം വെട്ടിത്തെളിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
Tags:
latest
