Trending

നിലമ്പൂരിന്റെ മണ്ണിനടിയിൽ 60 അടി ആഴത്തിൽ സ്വർണമുണ്ടോ? 1994 ൽ നടന്ന തങ്കവേട്ടയുടെ ദൃക്സാക്ഷി പറയുന്നു

നിലമ്പൂർ മേഖലയുടെ ചരിത്രത്തിൽ സ്വർണത്തരികൾ കലർന്നു കിടക്കുന്നുണ്ടെന്നതു ശരി. ചരിത്രത്തിലെ ആ ‘തങ്കത്തഴമ്പ്’ കണ്ട് ഇപ്പോൾ അരിക്കാനിറങ്ങിയിട്ട് കാര്യമുണ്ടോ? ഇതിനെല്ലാം വല്ല ശാസ്ത്രീയ അടിത്തറയുമുണ്ടോ? മനസ്സു നിറയെ സംശയങ്ങളുമായാണ് ഞങ്ങൾ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെത്തുന്നത്. മരുതമലയുടെ മടിത്തട്ടിലെ കാർഷിക ഗ്രാമം. നിലമ്പൂർ മേഖലയിലെ സ്വർണഖനിയുടെ കേന്ദ്രസ്ഥാനം ഇവിടെയാണെന്നാണ് പല പഠനങ്ങളും കണ്ടെത്തിയത്. 

മരുതയിലെ സ്വർണക്കഥ തേടി ഞങ്ങളെത്തിയത്, മരുത പ്പുഴയ്ക്കു മേലേ വീതി കുറഞ്ഞ പാലമുള്ള മരുതക്കടവിലാണ്. ‘പുഴയെത്ര സ്വർണം കണ്ടിരിക്കുന്നുവെന്ന’ ഭാവത്തിൽ മെലിഞ്ഞൊഴുകുന്ന മരുതപ്പുഴ. കടവിനോട് ചേർന്ന് ചെറിയ ചായക്കട. നാട്ടുകാരായ ഹസനും അബ്ദുൽ റസാഖും അവിടെ ചായകുടിച്ചിരിക്കുന്നു. മരുതയുടെ സ്വർണ വിശേഷത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചു. അവർ ഞങ്ങളെ കൊണ്ടുപോയത് മരുതമലയിലെ ഇരുൾക്കുന്നിലേക്കാണ്. മണ്ണിനടിയിൽ തങ്കനിക്ഷേപമുണ്ടെന്ന് വിശ്വസിക്കുന്ന മരുതമലയുടെ ഭാഗമായ ഇരുൾക്കുന്ന്്. നിലമ്പൂർ മേഖലയുടെ, മരുതയുടെ സ്വർണവർത്തമാനങ്ങളുടെ ആധികാരിക രേഖ ഞങ്ങൾ അവിടെ കണ്ടു. കുത്തനെയുള്ള കുന്ന് കയറിച്ചെല്ലുമ്പോൾ, 300 മീറ്റർ അകലത്തിൽ കെട്ടിപ്പൊക്കിയ രണ്ടു കോൺക്രീറ്റ് രൂപങ്ങൾ. മരുതമലയുടെ സ്വർണം തേടി നടത്തിയ അന്വേഷണത്തിന്റെ ബാക്കിപത്രങ്ങളാണ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് മൂടിയ ആ വലിയ കുഴികൾ.

ചരിത്രം ഇങ്ങനെ
എക്കാലവും മനുഷ്യനെ മോഹിപ്പിച്ച ലോഹമായ തങ്കം തേടി നൂറ്റാണ്ടുകൾക്കു മുൻപേ മനുഷ്യർ മരുതമല കയറിത്തുടങ്ങിയിട്ടുണ്ട്. അവിടെ, ചെറിയ വിള്ളലുകളുള്ള കല്ലുകളിൽ നിന്ന് അവർക്ക് പൊന്നിന്റെ തരികൾ ലഭിച്ചു. അവിടുത്തെ മണ്ണ് മാന്തി അത് തരിച്ചും ആദിവാസികളും മറ്റും പൊന്നെടുത്തു. സ്വാതന്ത്ര്യത്തിനു പിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ഇവിടെ ഖനനത്തിന് ഒരുക്കങ്ങൾ നടത്തി. എന്നാൽ, പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ അത് നടന്നില്ല. വലിയ സന്നാഹങ്ങളോടെ ഖനനത്തിനെത്തിയ ബ്രിട്ടിഷുകാർ മുടക്കുമുതലിന് ആനുപാതികമായി സ്വർണം ലഭിക്കാതെ വന്നപ്പോൾ ഇത് ഉപേക്ഷിച്ച ചരിത്രവും പിന്നോട്ടടിക്ക് കാരണമായി. തുടർന്നും പലഘട്ടത്തിൽ സ്വർണ ഖനനത്തിനുള്ള നീക്കമുണ്ടായെങ്കിലും നടപടിയായില്ല. 1994ലാണ് മരുതമല തുരന്ന് അതിലെ സ്വർണനിക്ഷേപത്തിന്റെ തോത് കണ്ടെത്താനുള്ള ശ്രമമുണ്ടായത്. അത് നേരിൽ കണ്ട നാട്ടുകാരിലൊരാളാണ് ഹസൻ.

തങ്കവേട്ടയുടെ ആഴം, 60 അടി
കുഴൽക്കിണർ കുഴിക്കാനുപയോഗിക്കുന്നതുപോലെയുള്ള വലിയ മെഷീനുകൾ എത്തിച്ചാണ് അന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ ഖനനം നടത്തിയതെന്ന് ഹസൻ ഓർക്കുന്നു. കുഴിയിൽനിന്ന് മണ്ണും പാറക്കഷണങ്ങളും കോരിയെടുക്കാനുള്ള ജോലിക്കായി നാട്ടുകാരെയാണ് നിയോഗിച്ചത്. ആകെ 60 അടിയാണ് കുഴിച്ചത്. ഇതിൽ 40 അടിയോളം പാറയായിരുന്നു. മെഷീൻ ഉപയോഗിച്ച് പൊടിക്കുന്ന ചെറിയ കല്ലിൻകഷണങ്ങളിൽ സ്വർണസാന്നിധ്യം കണ്ടെത്താനായി വിദഗ്ധർ പരിശോധന നടത്തി. 300 മീറ്റർ ദൂരത്തിൽ രണ്ടു വലിയ കുഴികളാണെടുത്തത്. ഒരു വർഷത്തിലേറെ ഈ ജോലി നീണ്ടു. പിന്നീട് ഏറെക്കാലം തുടർ നടപടികളുണ്ടായില്ല. കുഴിച്ചെടുത്ത മണ്ണും കല്ലുമൊന്നും ഇന്ന് ആ മേഖലയിലില്ല. ഒരു തരി പൊന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ അതെല്ലാം നാട്ടുകാർ കൊണ്ടുപോയി.

2008ൽ മരുതമലയിലെ സ്വർണനിക്ഷേപത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ കേന്ദ്ര സർക്കാർ 1.77 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ 15% സംസ്‌ഥാന സർക്കാർ വഹിക്കണമെന്നും നിർദേശിച്ചു. വഴിക്കടവ് റേഞ്ചിലെ മരുത പരലുണ്ട ഭാഗത്ത് ഒൻപതു ഹെക്‌ടർ സ്‌ഥലത്താണ് പഠനം നടത്താൻ ലക്ഷ്യമിട്ടത്. ഇതിന് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. 

സർക്കാർ ഉപേക്ഷിച്ചെങ്കിലും സ്വർണത്തരിയുടെ ഭാഗ്യം തേടി നാട്ടുകാർ പിന്നെയും കുറേക്കാലം മരുതമല കയറി. മണ്ണെടുത്ത് രൂപപ്പെട്ട വലിയ കുഴികൾ ഇപ്പോഴും അവിടെ കാണാം. വനംവകുപ്പ് നടപടികൾ കർശനമാക്കിയതോടെ കാടുകയറ്റം നിന്നു. കലക്കിപ്പുഴയെന്നറിയപ്പെടുന്ന മരുതപ്പുഴയിലും ചാലിയാറിലും പുന്നപ്പുഴയിലുമൊക്കെയാണ് ഇപ്പോൾ ഭാഗ്യാന്വേഷണം. അങ്ങനെ ചിലരെ ഞങ്ങളും കണ്ടു.

Post a Comment

Previous Post Next Post