Trending

ഇനി പൊതുജനങ്ങൾക്ക് സ്വയം ആധാരം എഴുതാനാകില്ല; പകരം ടെംപ്ലേറ്റ് സംവിധാനം വരുന്നു

പത്തനംതിട്ട: പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം രജിസ്ട്രേഷൻ വകുപ്പ് ഒഴിവാക്കി. ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാനാണ് പുതിയ തീരുമാനം.

ഫോം രൂപത്തിലുള്ള 19 ടെംപ്ലേറ്റ് ഉപയോഗിക്കുന്നതിന് ആധാരമെഴുത്തുകാർക്കും അഭിഭാഷകർക്കുംമാത്രമേ നിലവിൽ അനുമതിയുള്ളൂവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ആധാരങ്ങളുടെ രജിസ്ട്രേഷൻ ലളിതവും വേഗത്തിലുമാക്കാനാണ് ടെംപ്ലേറ്റ് സംവിധാനം.

ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ സബ്‌രജിസ്ട്രാർ ഓഫീസുകളിലാണ്, പരീക്ഷണാടിസ്ഥാനത്തിൽ ടെംപ്ലേറ്റ് ഉപയോഗിച്ചുള്ള ആധാരം രജിസ്ട്രേഷൻ ആദ്യം നടപ്പാക്കുക. അത് വിലയിരുത്തിയശേഷം മറ്റ് സബ്‌രജിസ്ട്രാർ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. കാസർകോട് ബദിയടുക്ക സബ്‌രജിസ്ട്രാർ ഓഫീസിൽ ടെംപ്ലേറ്റ് സൗകര്യമുപയോഗിച്ച് ഓൺലൈനായി ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിതമാതൃകയിലുള്ള ഫോമിൽ കൃത്യതയോടെ ചേർത്തുനൽകുന്നതാണ് ടെംപ്ലേറ്റിന്റെ രീതി. അധികവിവരങ്ങളുണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാകും. ഇതെല്ലാം ചേർത്ത് ഓൺലൈൻമുഖേന സബ്‌രജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാൽ രജിസ്‌ട്രേഷൻ പൂർത്തിയാകും. ആധാരമെഴുത്തുകാർമുഖേനയാകും ഇതെല്ലാം നടപ്പാക്കുക.

രജിസ്ട്രാർ ഓഫീസുകളിലെ അഴിമതിയും ആധാരമെഴുത്തിലെ അമിതഫീസും തടയാനും രജിസ്ട്രേഷൻ നടപടി സുതാര്യമാക്കാനും 2016-ലാണ് പൊതുജനങ്ങൾക്കും സ്വന്തമായി ആധാരമെഴുതാമെന്ന് സർക്കാർ ഉത്തരവിറക്കിയത്. രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ ആധാരം സ്വയം തയ്യാറാക്കുന്നതിനുള്ള മാതൃകയും ഉണ്ടായിരുന്നു. എന്നാൽ, ഒൻപത് വർഷത്തിനിടെ 10,000-ൽത്താഴെപ്പേർമാത്രമേ ഇത് പ്രയോജനപ്പെടുത്തിയുള്ളൂ. ആധാരം സ്വയം തയ്യാറാക്കുന്നത് നിർത്തണമെന്ന് ആധാരമെഴുത്തുകാർ നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു.


Post a Comment

Previous Post Next Post