Trending

നിയമം തെറ്റിച്ചാൽ പിഴത്തുക വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് പിടിച്ചാലോ; ചർച്ചയായി പുതിയ നിർദേശം

ഗതാഗത നിയമം ലംഘിച്ചാൽ പിഴ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തനിയെ പിടിക്കുന്ന സംവിധാനം വരണമെന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആഹ്വാനം ചെയ്തത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അറൈവ് അലൈവ് എന്ന പത്ത് ദിവസത്തെ ക്യാംപയിനിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ ആശയത്തെ കുറിച്ച് സംസാരിച്ചത്.

എന്നാൽ, ഈ നിർദേശം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. സാമ്പത്തിക സ്വകാര്യതയേയും നിയമനടപടികളെയും കുറിച്ചുള്ള ആശങ്കകളാണ് ഈ നിർദേശത്തിലൂടെ ചർച്ചയായത്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങളും ബാങ്ക് വിവരങ്ങളും ബന്ധിപ്പിക്കാനും ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ നേരിട്ട് ഈടാക്കാനും നേരിട്ടുള്ള പിഴ പിരിവ് ഒഴിവാക്കാനുമായിരുന്നു അദ്ദേഹം പ്രധാനമായും മുന്നോട്ട് വെച്ച ആശയം. ഇത് പോലീസ് വകുപ്പിനോട് നിർദേശിക്കുകയും ചെയ്തു.

ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയിൽ ഇളവ് നൽകുന്ന കീഴ്‌വഴക്കം ഇതോടെ നിർത്താൻ സാധിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ബാങ്കുകളുമായി ഇക്കാര്യം ചർച്ച ചെയ്ത് ഏകോപനം ഉണ്ടാക്കണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ, പ്രതിപക്ഷ പാർട്ടികളിൽ നിന്നും ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണ് ഈ നിർദേശത്തിനെതിരെ ഉയർന്നത്. സാമ്പത്തിക സ്വകാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ലംഘനമാണിതെന്നായിരുന്നു പ്രധാന വിമർശനം.

ഒരു നിയമലംഘനത്തിന് പിഴ ലഭിച്ചാൽ കോടതിയിൽ ഉൾപ്പെടെ ഇത് ചോദ്യം ചെയ്യാനും പിഴ ഒഴിവാക്കുകയോ തുക കുറയ്ക്കുകയോ ചെയ്യാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നീക്കമാണിതെന്നാണ് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയത്. ഈ സംവിധാനം നിലവിലെ ബാങ്കിങ് മാനദണ്ഡങ്ങൾ പാലിച്ചുള്ളതല്ലെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടത്. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന് മുന്നോട്ട് വെച്ച ഈ നിർദേശം വലിയ വിമർശനങ്ങളാണ് നേരിട്ടത്.


Post a Comment

Previous Post Next Post