വീടിന്റെ പരിസരത്ത് മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) അനുമതിയുണ്ടെന്നും 20,000 രൂപ നിർമാണ കമ്പനിയുടെ വക്കീലിന്റെ അക്കൗണ്ടിലേക്ക് അടക്കണമെന്നും അറിയിക്കുന്ന ഒരു നോട്ടിസ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പേരിൽ പലർക്കും ലഭിക്കുന്നുണ്ട്. എന്നാലിത് തട്ടിപ്പാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
ട്രായ് സീനിയർ എൻജിനീയറുടെ ഒപ്പോടെയുള്ള നോട്ടിസാണ് വരുന്നത്. ‘Permission for the installation of tower at your site’ എന്നാണ് രേഖയിലെ സബ്ജക്ട് ലൈൻ. ടെലികമ്യൂണിക്കേഷൻ ആക്ട് 1972 പ്രകാരമാണിതെന്നും നോട്ടിസിൽ പറയുന്നുണ്ട്. എന്നാൽ, പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു ആക്ട് നിലവിലുള്ളതായി കണ്ടെത്തിയില്ല.
തുടർന്നുള്ള അന്വേഷണത്തില്‍ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള എന്‍ഒസി ട്രായിയോ ടെലികമ്യൂണിക്കേഷൻസ് വിഭാഗമോ നൽകുന്നില്ല എന്ന വിവരം ലഭിച്ചു. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്‌ക്കെടുക്കുന്നതിലും ടെലികമ്യൂണിക്കേഷൻസ് വിഭാഗമോ ട്രായിയോ ഉൾപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങളോ അവരുടെ ഉദ്യോഗസ്ഥരോ ഇത്തരത്തില്‍ എൻഒസിയും നൽകുന്നില്ല. മാത്രമല്ല, ഇത്തരത്തിൽ നടക്കുന്നത് തട്ടിപ്പാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന മുന്നറിയിപ്പും കണ്ടെത്തി.
‘മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി വ്യക്തികളുടെ സ്ഥലം പാട്ടത്തിനെടുക്കുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ വേണ്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ്/അപേക്ഷാ ഫീസ്/രജിസ്ട്രേഷൻ ചാർജുകൾ/സ്റ്റാമ്പ് ഡ്യൂട്ടി/ടെലികോം ആക്ടിന് കീഴിലുള്ള സർക്കാർ നികുതി/അഡ്വാൻസ്ഡ് പേയ്‌മെന്റ് ക്ലിയറിങ് തുടങ്ങിയ വിവിധ പേരുകളിൽ അവരുടെ വ്യക്തിഗത/കമ്പനികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ ഒരോ കമ്പനികളുടെ പേരു പറഞ്ഞ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്’– എന്നാണ് അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പരിഭാഷ. പണം സ്വരൂപിച്ച ശേഷം ഈ കമ്പനികൾ/വ്യക്തികൾ/ഏജൻസികൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നും ഇതിൽ പറയുന്നു
ഏതാനും നാളുകളായി ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ എസ്എംഎസ് മുന്നറിയിപ്പുകളും ജനങ്ങൾക്ക് നൽകാറുണ്ട്. ‘Important information - TRAI does not provide any NOC for installing mobile towers. If a fraudster brings a fake letter to you, inform the concerned service provider and the local police’, എന്നാണ് ഔദ്യോഗിക മുന്നറിയിപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിൽനിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
വീടിന്റെ പരിസരത്ത് മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതിയുണ്ടെന്നും 20,000 രൂപ നിർമാണ കമ്പനിയുടെ വക്കീലിന്റെ അക്കൗണ്ടിലേക്ക് അടക്കണമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരിൽ ലഭിക്കുന്ന നോട്ടിസ് വ്യാജമാണ്.
Tags:
latest
