പേരാമ്പ്ര ∙ ബെംഗളൂരുവിൽ നിന്നു കൊടുവള്ളിയിലേക്ക് കടത്താൻ ശ്രമിച്ച 72,60,000 രൂപയുടെ കുഴൽപ്പണം പിടികൂടി. ക്രെറ്റ കാറിന്റെ ഡോർ പാഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവർ പിടിയിലായി.
കോഴിക്കോട് റൂറൽ എസ്പി ഫറാഷ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് സംഘവും പേരാമ്പ്ര പൊലീസും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കൂത്താളി മുതൽ ബ്ലോക്ക് ഓഫിസ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്ഥിരമായി കർണാടകയിൽ നിന്നും പണം കടത്തുന്ന സംഘമാണ് ഇവരുടേത്. പിടിക്കപ്പെടാതിരിക്കാൻ മുത്തങ്ങ, തോൽപ്പെട്ടി, കൂട്ടുപുഴ ചെക്ക് പോസ്റ്റുകൾ വഴി മാറി മാറിയാണ് പണം കടത്തുന്നത്.
താമരശ്ശേരി ഡിവൈഎസ്പി പി.അലവി, പേരാമ്പ്ര ഡിവൈഎസ്പി എം.പി.രാജേഷ് എന്നിവരുടെ നിർദേശ പ്രകാരം സ്പെഷൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, എഎസ്ഐമാരായ വി.സി.ബിനീഷ്, വി.വി.ഷാജി, എൻ.എം.ജയരാജൻ. സീനിയർ സിപിഒമാരായ പി.പി.ജിനീഷ്, ശോഭിത്, അഖിലേഷ്, സിപിഒമാരായ ശ്യാംജിത്ത്, അതുൽ, മിഥുൻ, ലിധിൻ, അനുരാഗ്, പേരാമ്പ്ര എസ്ഐമാരായ സനാദ്.എൻ.പ്രദീപ്, രാജേഷ്, എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
രേഖകളില്ലാതെ കടത്തികൊണ്ടുവരികയായിരുന്ന 31.90 ലക്ഷത്തിന്റെ കുഴൽപ്പണം കഴിഞ്ഞ ഞായറാഴ്ച എക്സൈസും പിടികൂടിയിരുന്നു. കൊടുവള്ളി നല്ലുറമ്മിൽ മുഹമ്മദ് സാമിറിൽനിന്നാണ് ഞായറാഴ്ച പുലർച്ചെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്
