തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ കടം താങ്ങാനാവുന്ന പരിധിക്കുള്ളിലാണ്. കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം കുറയ്ക്കാൻ കഴിഞ്ഞു. 152645 കോടിരൂപ തനത് നികുതി വരുമാനത്തിലും നികുതിയിതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുൻപായി പറഞ്ഞിരുന്നു. സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക. ഇടതുപക്ഷ സർക്കാർ ചെയ്യാൻകഴിയുന്ന കാര്യങ്ങളേ പറയൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ മുതൽ മുതിർന്നവരെ വരെ ബജറ്റിൽ പരിഗണിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം, നാട്ടിൽ തന്നെ ആളുകൾ നിൽക്കണം, സ്വന്തം നാട്ടിലെ സാമ്പത്തികാവസ്ഥകൂടി ശക്തമാക്കണം, നല്ലൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുണ്ടാകും, മന്ത്രി പറഞ്ഞു.ചെയ്യാവുന്ന കാര്യമാണ് ഇടതുപക്ഷം പറയുന്നത്, പറയുന്ന കാര്യം ചെയ്യും എന്ന് കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷം ഭരണത്തിലിരുന്നപ്പോൾ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പറ്റാത്ത കാര്യങ്ങൾ പറയുന്ന ബജറ്റ് അല്ല അവതരിപ്പിക്കുന്നത്. പ്രായോഗികമായ, സാമ്പത്തിക വശങ്ങൾ കണ്ടിട്ടാണ് ബജറ്റവതരിപ്പിക്കുന്നത്. സ്വപ്ന ബജറ്റ് അല്ല, മന്ത്രി പറഞ്ഞു.
Tags:
latest
