Trending

കല്ലാനോടിന്റെ ശിൽപിക്ക് സ്നേഹാഞ്‌ജലി: ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് ജനുവരി 21 മുതൽ ജൂബിലി സ്റ്റേഡിയത്തിൽ




കേരള കായിക ഭൂപടത്തിൽ കല്ലാനോടിനെ അടയാളപ്പെടുത്തിയ ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻറ് വിജയകരമായ 39 വർഷങ്ങൾ പിന്നിട്ട് റൂബി ജൂബിലിയിൽ എത്തിനിൽക്കുന്നു. ഫാ. സെബാസ്റ്റ്യൻ പൂക്കളം സെൻറ് മേരീസ് പള്ളി വികാരി ആയിരിക്കുമ്പോൾ 1983 ജനുവരി 17നാണ് വട്ടുകുളത്തച്ചന്റെ ഓർമയ്ക്കായി ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്. കോവിഡ് മുതലായ കാരണങ്ങൾക്കൊണ്ട് 3 വർഷം ടൂർണമെന്റ് നടന്നില്ല.

1957മുതൽ 1967വരെ പത്ത് വർഷക്കാലം കല്ലാനോട് പള്ളി വികാരിയായിരുന്നു ഫാ. ജോർജ് വട്ടുകുളം. കല്ലാനോട്ട് ഇന്നുള്ള പള്ളിയുടെ രൂപരേഖ നിർദേശിച്ചതും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചതും അച്ചനാണ്. കൂടുതൽ സ്ഥലം വാങ്ങി പള്ളിപറമ്പ് വിസ്തൃതമാക്കുന്നതിനും കൃഷിയാരംഭിക്കുന്നതിനും അച്ചൻ മുൻകൈയെടുത്തു.

കർമകുശലതയോടെ അച്ചൻ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് കല്ലാനോട് ഹൈസ്കൂൾ അനുവദിച്ചു കിട്ടിയത്. കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയമെന്ന് അറിയപ്പെടുന്ന ജൂബിലി സ്റ്റേഡിയത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയ വട്ടുകുളത്തച്ചൻ കായിക മേഖലയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തിരുഹൃദയമഠം, സർവീസ് സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റോഫീസ് എന്നിവ ആരംഭിക്കുന്നതിൽ വട്ടുകുളത്തച്ചൻ വഹിച്ച നേതൃത്വപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല.
1967ൽ അച്ചൻ വയനാട്ടേക്ക് സ്ഥലം മാറിപ്പോയി. കാഞ്ഞങ്ങാടിനടുത്ത് കൊട്ടോടി സെൻറ് സേവ്യർ പള്ളി വികാരി ആയിരിക്കുമ്പോൾ 1970 ഓഗസ്റ്റ് 28ന് മരണമടഞ്ഞു.

പ്രദേശത്തെ ജനങ്ങളുടെ ആത്മീയ - ഭൗതിക ഉന്നമനത്തിനായി യത്നിച്ച അച്ചനെ കല്ലാനോടിന്റെ ശില്പിയെന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്. ഓരോ വർഷവും ജനുവരി മാസത്തിൽ ജൂബിലി സ്റ്റേഡിയത്തിൽ കാൽപന്തുകളിയുടെ ആരവമുയരുമ്പോൾ കുടിയേറ്റ ജനത വട്ടുകുളത്തച്ചനെന്ന ക്രാന്തദർശിയെ നന്ദിയോടെ ഓർക്കുന്നു.

Post a Comment

Previous Post Next Post