Trending

നാളെമുതൽ സിഗരറ്റിന് വലിയ വില; നീളമനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വർധന



മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണത്തിൽ ഞായറാഴ്ച മുതൽ സിഗരറ്റ്‌വില കുത്തനെ ഉയരും. നീളമനുസരിച്ച് സിഗരറ്റ് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് 15 ശതമാനം വരെയും അതിനു മുകളിൽ 30 ശതമാനം വരെയും വിലവർധനയുണ്ടാകുമെന്നാണ് റിസർച്ച് ഏജൻസിയായ ക്രിസിൽ റേറ്റിങ് സൂചിപ്പിക്കുന്നത്.

രാജ്യത്ത് സിഗരറ്റുകൾക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ബെഞ്ച്മാർക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയർന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്. ഇന്ത്യയിൽ ഇതുവരെ സിഗരറ്റിന് 28 ശതമാനമായിരുന്നു ജി.എസ്.ടി.. കൂടാതെ ജി.എസ്.ടി. നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയിൽ എക്സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതിൽ നഷ്ടപരിഹാര സെസ് ഒഴിവാകും. പകരമായി ജി.എസ്.ടി. 40 ശതമാനമാക്കും. കൂടാതെ എക്സൈസ് തീരുവയിലും വലിയ വർധനയുണ്ടാകും.

ക്രിസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 65 മില്ലീമീറ്ററിൽ താഴെയുള്ള സിഗരറ്റിന് 2.05 രൂപ മുതൽ 2.10 രൂപ വരെയും 65 മില്ലീമീറ്ററിനു മുകളിലുള്ളവയ്ക്ക് 3.6 രൂപ മുതൽ 8.5 രൂപ വരെയും എക്സൈസ് തീരുവയിനത്തിൽ മാത്രം വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടുതൽ വിൽപ്പനയുള്ളവയുടെ വിലവർധനയിൽ ഒരുഭാഗം കമ്പനികൾ ഏറ്റെടുത്തേക്കും. മൊത്തം വിപണിയുടെ 40 മുതൽ 45 ശതമാനം വരെ 65 മില്ലീമീറ്ററിൽ താഴെ നീളം വരുന്ന സിഗരറ്റുകളാണ്. നികുതി ഉയരുന്നതോടെ അടുത്ത സാമ്പത്തികവർഷം സിഗരറ്റ് ഉപഭോഗത്തിൽ ആറു മുതൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ക്രിസിൽ റേറ്റിങ്സ് പറയുന്നത്. 2014 മുതൽ 2018 വരെ കാലയളവിൽ പലതവണയായി തീരുവ ഉയർത്തിയതിലൂടെ സിഗരറ്റ് വിലയിൽ 40 മുതൽ 50 ശതമാനം വരെ വർധനയുണ്ടായിരുന്നു.

Post a Comment

Previous Post Next Post