Trending

സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻഡിമാൻഡ്; സ്വർണപ്പണയത്തിൽ 125 ശതമാനംവരെ വർധന




കോഴിക്കോട്: സ്വർണവില കുത്തനെ ഉയർന്നതോടെ ബാങ്കുകളിൽ ലോക്കറുകൾ കിട്ടാനില്ല. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ മുൻകൂട്ടി കണ്ടാണ് കൂടുതൽ സ്വർണം കൈയിലുള്ളവർ ബാങ്കുകളിലേക്ക് ഓടുന്നത്. ലോക്കറുകൾ നിറഞ്ഞതോടെ ഉപഭോക്താക്കൾക്ക് പുതിയവ അനുവദിക്കാനാകാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പൊതുമേഖലാ-സ്വകാര്യ-സഹകരണ ബാങ്കുകളും. സംസ്ഥാനമൊട്ടാകെ ഇതേ ട്രെൻഡാണെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്‍ദർ പറയുന്നു. ഗ്രാമീണ മേഖലകളിലെ ലോക്കറുകൾ മാത്രമാണ് മിക്ക ബാങ്കുകളിലും ഒഴിവുള്ളത്.

കോഴിക്കോട് മേഖലയിലെ എസ്.ബി.ഐ., പഞ്ചാബ് നാഷണൽ, യൂണിയൻ, കാനറ തുടങ്ങിയ ബാങ്കുകളിലെല്ലാം ലോക്കറുകൾ നിറഞ്ഞെന്ന് കോഴിക്കോട് ജില്ലാ ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രധാന സഹകരണബാങ്കായ കാലിക്കറ്റ് സിറ്റി സഹകരണബാങ്കിനു കീഴിലെ 26 ബ്രാഞ്ചിൽ ഒരിടത്ത് മാത്രമാണ് ലോക്കർ ഒഴിവുള്ളത്. ആവശ്യക്കാരേറിയതോടെ പുതിയ ശാഖകൾ തുറക്കുമ്പോൾ ലോക്കർ സംവിധാനത്തിനാണ് മിക്ക ബാങ്കുകളും കൂടുതലിടം നൽകുന്നത്. സ്വർണപ്പണയത്തിനെത്തുന്നവരുടെ എണ്ണവും കൂടി. ലോക്കറുകൾക്ക് പലനിരക്കിലാണ് ബാങ്കുകൾ

കഴിഞ്ഞ സെപ്റ്റംബറിൽ പവന് 77,640 രൂപയുണ്ടായിടത്തുനിന്നാണ് വില വെള്ളിയാഴ്ച 1,24,080 രൂപയിലേക്കെത്തിയത്. 46,440 രൂപയുടെ വർധന. 10 പവൻ കൈയിലുള്ളവരുടെ സ്വർണത്തിന്റെ മൂല്യത്തിൽമാത്രം നാലരലക്ഷം രൂപയുടെ വർധനയുണ്ട്.

വീടുകൾക്ക് സ്മാർട്ട് സുരക്ഷാസംവിധാനം ഒരുക്കുന്നതും കൂടുന്നുണ്ട്. ആറുമാസം മുൻപ്‌ വിൽപ്പന കുറവായിരുന്ന വാതിലുകളിൽ സ്ഥാപിക്കുന്ന സ്മാർട്ട് ലോക്കുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറിയെന്ന് കോഴിക്കോട് മൈജിയിലെ ഐ.ടി. ഇൻഫ്രാ ചുമതലയുള്ള വി.കെ. അഫ്‌സൽ അറിയിച്ചു.

ബാങ്കിനെ തേടിയെത്തുന്നു

ലോക്കറിന് വാടക നൽകേണ്ടത് ഓർത്ത് മുൻപ്‌ വീടുകളിൽ സ്വർണം സൂക്ഷിച്ചവർവരെ ഇപ്പോൾ ബാങ്കുകളെ തേടിയെത്തുന്നുണ്ട്. ആവശ്യക്കാർ കൂടിയതോടെ ഉപഭോക്താക്കൾക്ക് പുതിയ ലോക്കറുകൾ നൽകാനാവാത്ത സ്ഥിതിയിലാണ് മിക്ക ബാങ്കുകളും

-എസ്. ജ്യോതിസ്, കോഴിക്കോട് ജില്ലാ ലീഡ് ബാങ്ക് മാനേജർ

സ്വർണപ്പണയത്തിൽ 125 ശതമാനംവരെ വർധന

മുംബൈ: സ്വർണവിലയിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വർണപ്പണയ വായ്പകളിൽ വൻ വർധന. 2025-ൽ 125.03 ശതമാനമാണ് സ്വർണപ്പണയ വായ്പകളിലെ വർധനയെന്നാണ് കണക്ക്. കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ വെച്ച 2025-26 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭക്ഷ്യേതര വിഭാഗത്തിലെ വായ്പകളിൽ വ്യക്തിഗത വായ്പകൾ 12.8 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ഈ വിഭാഗത്തിലെ വളർച്ചയ്ക്ക്‌ പ്രധാന കാരണം സ്വർണപ്പണയ വായ്പകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണത്തിന്റെ ആഗോളതലത്തിലുള്ള വിലവർധന സ്വർണത്തിന്റെ ഈടിലുള്ള മൂല്യവും കുത്തനെ ഉയർത്തി.

Post a Comment

Previous Post Next Post