കോഴിക്കോട്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചയാളുടെ വൃക്ക അവയവമാറ്റ ശസ്ത്രക്രിയക്കായി വ്യാഴാഴ്ച രാത്രി വന്ദേഭാരത് എക്സ്പ്രസിൽ കോഴിക്കോട്ടെത്തിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ദിവാകർ എസ്. രാജേഷിന്റെ (53) വൃക്കയാണ് ശസ്ത്രക്രിയക്കായി വ്യാഴാഴ്ച രാത്രി 10.15-ഓടെ കോഴിക്കോട് മലാപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 10.05-ഓടെ വന്ദേഭാരത് എക്സ്പ്രസ് എത്തിയപ്പോഴേക്കും ആശുപത്രിയിൽനിന്നുള്ള ആംബുലൻസ് തയ്യാറായി നിന്നിരുന്നു. വൃക്ക ആശുപത്രിയിലെത്തിയ ഉടൻതന്നെ അവയവമാറ്റ ശസ്ത്രക്രിയയും നടന്നു.
ദിവാകർ എസ്. രാജേഷിന്റെ രണ്ടുവൃക്കകൾ, കരൾ, നേത്രപടലങ്ങൾ എന്നിവ സംസ്ഥാനത്തെ അഞ്ചുപേർക്കാണ് ദാനംചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്.
Tags:
latest