പെരുവണ്ണാമൂഴി:മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് കോടതികയറിയതോടെ ചക്കിട്ടപാറ ടൗണിൽ അഴുക്കുചാൽ പ്രവൃത്തിക്കായി കുഴിയെടുത്ത രണ്ടിടങ്ങളിൽ പ്രവൃത്തി മുടങ്ങി. മാസങ്ങളായിട്ടും ടൗണിന്റെ പ്രധാനഭാഗത്തെടുത്ത വലിയ കുഴി മൂടാതെയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുകയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചില വ്യാപാരികൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രണ്ടിടത്തുമാത്രം കടകൾക്കുമുന്നിൽ പ്രവൃത്തി നടത്താതെ വലിയ കുഴി മൂടാതെയിട്ടിരിക്കുന്നത്. ചില കെട്ടിട ഉടമകളും രണ്ട് പൊതുപ്രവർത്തകരുമാണ് കോടതിയെ സമീപിച്ചത്. പ്രവൃത്തിയുടെ നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും കരാറുകാരുമടക്കമാണ് എതിർകക്ഷികൾ.
നിലവിലെ റോഡ് വീതികൂട്ടി 12 മീറ്റർ വീതിയിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. ചക്കിട്ടപാറ ടൗണിൽ വീതി നിർണയിക്കുന്നത് ഏപ്രിലിൽ തർക്കത്തിനിടയാക്കിയപ്പോൾ പ്രവൃത്തി വൈകാൻ കാരണമായിരുന്നു. പലതവണ അളവുനടത്തിയശേഷമാണ് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് ശേഷം മാസങ്ങൾ വൈകി ഓഗസ്റ്റിൽ ടൗണിലെ പ്രവൃത്തി തുടങ്ങിയത്. ഇതിനെതിരേയാണ് കോടതിയിലെ ഹർജി. വീതി നിർണയിച്ചതിന്റെ അടിസ്ഥാനരേഖ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. കേസ് കഴിയാത്ത പശ്ചാത്തലത്തിലാണ് പരാതി ഉയർത്തിയവരുടെ കടയ്ക്കുമുന്നിൽമാത്രം പ്രവൃത്തി നടത്താതെയിട്ടിരിക്കുന്നത്. കേസ് നിലവിലുള്ളതിനാലാണ് കുഴിയെടുത്ത രണ്ടിടത്ത് പ്രവൃത്തി നടത്താനാകാത്തതെന്നും മറ്റിടങ്ങളിലൊക്കെ പ്രവൃത്തി നടക്കുകയാണെന്നും കെആർഎഫ്ബി അധികൃതർ വ്യക്തമാക്കി.
മലയോര ഹൈവേയിൽ പെരുവണ്ണാമൂഴി താഴത്തുവയൽ മുതൽ ചക്കിട്ടപാറ വഴി ചെമ്പ്ര വരെയുള്ള 5.55 കിലോമീറ്റർ റീച്ചിലാണ് ഈ പ്രവൃത്തി ഉൾപ്പെട്ടിരിക്കുന്നത്. പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപ്പാറ ടൗൺവരെ പാതയുടെ അടിത്തറയൊരുക്കി ആദ്യഘട്ട ടാറിങ് നടന്നുകഴിഞ്ഞു. ചക്കിട്ടപാറ മുതൽ ചെമ്പ്രവരെയും പാതയുടെ അടിത്തറയൊരുക്കുന്ന ജോലി പുരോഗമിക്കുകയാണ്. 31.46 കോടി രൂപയാണ് ഈ റീച്ചിന് അനുവദിച്ചത്. ചെമ്പ്ര ടൗണിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രവൃത്തി മുന്നോട്ടുപോകാനാകാത്ത സ്ഥിതിയുണ്ട്
പെരുവണ്ണാമൂഴി താഴത്തുവയൽ മുതൽ 28-ാം മൈൽവരെ ഒരു റീച്ചായി പ്രവൃത്തി നടത്താനായിരുന്നു ആദ്യതീരുമാനം. 15.65 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 2022 മാർച്ചിൽ 71.94 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു. കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം വന്നതിനാൽ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലാത്ത ഭാഗങ്ങൾ ആദ്യം ടെൻഡർചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിവിധ റീച്ചുകളായി പ്രവൃത്തി നടക്കുന്നത്.