കൂരാച്ചുണ്ട്: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിനി ജിനോയെ കോൺഗ്രസ് മണ്ഡലംകമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഒന്നാംവാർഡ് ഓഞ്ഞിലിൽനിന്ന് 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സിനി ജിനോ ഇത് രണ്ടാംതവണയാണ് ഗ്രാമപ്പഞ്ചായത്തംഗമാവുന്നത്. 2015-20 ഭരണസമിതിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്നു സിനി ജിനോ. പഴയ പതിമ്മൂന്നാംവാർഡ് സിഡിഎസ് മെമ്പറായി ഇപ്പോൾ പ്രവർത്തിച്ചുവരുകയാണ്. മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമാണ്.
പതിന്നാലംഗ ഭരണസമിതിയിൽ യുഡിഎഫിന് ഒൻപതും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. യുഡിഎഫിൽ കോൺഗ്രസിന് ഏഴും മുസ്‌ലിം ലീഗിന് രണ്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസ് ജനപ്രതിനിധികളുടെ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജു കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നാലാംവാർഡ് കക്കയം മെമ്പർ ഡാർളി പുല്ലംകുന്നേൽ സിനിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചു. പതിന്നാലാം വാർഡ് കാറ്റുള്ളമല മെമ്പർ ബിന്ദു ആനിക്കാട്ട് പിന്താങ്ങി. ജോസ് വെളിയത്ത്, ചെറിയാൻ അറയ്ക്കൽ, സണ്ണി കാനാട്ട്, ബിന്ദു കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.
മുസ്‌ലിംലീഗിന് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്താംവാർഡ് ചാലിടം ജനപ്രതിനിധി ബിജു കടലാശ്ശേരിയുടെ പേരാണ് പരിഗണനയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന.