Trending

വൈസ് പ്രസിഡന്റ് ഓട്ടത്തിലാണ് ; ഓട്ടോ തന്നെ ഓഫീസ്

ഏയ് ഓട്ടോ..!




✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : സാധാരണക്കാരുടെ ഹൃദയത്തിലൂടെ ഓടിയ ഓട്ടോ ചെന്നുനിന്നത് കൂരാച്ചുണ്ട് പഞ്ചായത്ത്​ മുറ്റത്താണ്. കാക്കിയിട്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ഓട്ടോ സ്​റ്റാൻഡിലിരുന്ന് നാടിന്റെ ഹൃദയമറിഞ്ഞ ബിജു കടലാശേരിയാണ് ഇനി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്. ഒപ്പം ഈ ഓട്ടോറിക്ഷ ഇനി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഞ്ചരിക്കുന്ന ഓഫീസായി മാറും.

ദളിത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റായ ബിജു കൂരാച്ചുണ്ട് പഞ്ചായത്ത്‌ പത്താം വാർഡ് ചാലിടത്ത് നിന്ന് 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്ത്‌ ഭരണസമിതിയിൽ രണ്ടംഗങ്ങൾ ഉണ്ടെങ്കിലും സംവരണ വാർഡിൽ നിന്ന് വിജയിച്ച ബിജുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ട് വരാൻ മുസ്‌ലിലീഗ് പഞ്ചായത്ത്‌ കമ്മിറ്റി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. 2020 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

1996 മുതൽ കൂരാച്ചുണ്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന ബിജു കൂരാച്ചുണ്ട്കാർക്ക് സുപരിചിതനാണ്.

ശനിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ഒൻപത് വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.കുഞ്ഞമ്മദിനെ തോൽപ്പിച്ചാണ് ബിജു വിജയിച്ചു കയറിയത്. പഞ്ചായത്തിലെ മുഴുവൻ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരുടെ പ്രതിനിധിയാണ് ഞാൻ എന്നത് എന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുവെന്നും, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായി മുൻഗണന കൊടുക്കുമെന്നും വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജു പറഞ്ഞു. ഭാര്യ : ജലജ. മകൾ : ശ്രീലയ.

Post a Comment

Previous Post Next Post