● ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ലിങ്കിങ് ചെയ്യാം.
● ടെക്സ്റ്റ് മെസേജ് അഥവാ എസ്എംഎസ് വഴിയും ലിങ്കിങ് സൗകര്യം ലഭ്യമാണ്.
● എൻആർഐകൾ, 80 വയസ്സിനു മുകളിലുള്ളവർ, ചില സംസ്ഥാനങ്ങളിലെ താമസക്കാർ എന്നിവരെ ലിങ്കിങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
● ലിങ്കിങ് സ്റ്റാറ്റസ് അഥവാ നിലവിലെ സ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാണ്.
ന്യൂഡെൽഹി : (KVARTHA) രാജ്യത്ത് വിവിധങ്ങളായ മാറ്റങ്ങൾ വരുത്തുന്നതിൻ്റെ ഭാഗമായി 2026-ഓടെ പ്രധാനപ്പെട്ട നിയമപരമായ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് ആധാർ നിയമങ്ങളുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശം.
ഏറ്റവും അത്യാവശ്യമായ തിരിച്ചറിയൽ രേഖകളായി മാറിയ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി 2025 ഡിസംബർ 31-ന് അവസാനിക്കാനിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കാത്തവരുടെ രണ്ട് രേഖകളും 2026 ജനുവരി ഒന്നുമുതൽ നിർജ്ജീവമാകും.
ഒരു സിം കാർഡ് എടുക്കുന്നത് മുതൽ വലിയ ബിസിനസ് ഇടപാടുകൾ വരെ എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡുകൾ ഇന്ന് അത്യാവശ്യമാണ്. അതുപോലെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് മുതൽ വലിയ സാമ്പത്തിക ഇടപാടുകൾ വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പാൻ കാർഡും അനിവാര്യമാണ്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവ ചെറുക്കുന്നതിനായിട്ടാണ് ആധാറും പാൻ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കിയത്.
സമയപരിധിക്ക് ശേഷം ലിങ്കിങ് നടത്തുന്ന വ്യക്തികളിൽ നിന്ന് 1,000 രൂപ പിഴ ഈടാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നികുതിദായകരും സാധാരണ ജനങ്ങളും തങ്ങളുടെ സുപ്രധാന രേഖകൾ നിർജ്ജീവമാകാതിരിക്കാൻ ലിങ്കിങ് പ്രക്രിയ വേഗത്തിലാക്കണം.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പിൻ്റെ www(dot)incometaxindiaefiling(dot)gov(dot)in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിന്റെ ഇടതുവശത്തായി നൽകിയിട്ടുള്ള 'ക്വിക്ക് ലിങ്കുകൾ' എന്ന വിഭാഗത്തിന് താഴെയായി കാണുന്ന 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് സ്ക്രീനിൽ തുറന്നുവരുന്ന പുതിയ പേജിൽ നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിലെ പേര് എന്നിവ കൃത്യമായി നൽകുക. അതിനുശേഷം നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയാണെന്ന് സമ്മതിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
തുടർന്ന് കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ലിങ്കിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. സംശയങ്ങളുള്ളവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ ടെക്സ്റ്റ് മെസേജ് (എസ്എംഎസ്) സൗകര്യവും ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ഫോണിൽ ‘UIDPAN’ എന്ന് ടൈപ്പ് ചെയ്യുക. അതിനുശേഷം ഒരു സ്പെയ്സ് നൽകി നിങ്ങളുടെ 12-അക്ക ആധാർ നമ്പർ നൽകുക, തുടർന്ന് വീണ്ടും ഒരു സ്പെയ്സ് നൽകി 10-അക്ക പാൻ നമ്പർ നൽകുക. ഉദാഹരണത്തിന്, ‘UIDPAN <12-അക്ക ആധാർ> <10-അക്ക PAN>’ എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ നമ്പറുകൾ ലിങ്കിങ് പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.
നിങ്ങളുടെ ആധാറും പാനും തമ്മിൽ ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആദായനികുതി വകുപ്പിൻ്റെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
വെബ്സൈറ്റിലെ 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇതിന് മറുപടിയായി താഴെക്കൊടുക്കുന്ന സന്ദേശങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ലഭിക്കും:
● 'നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു'
● 'നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു'
● 'ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല'
ആധാർ-പാൻ ലിങ്കിങ് നിർബന്ധിതമായിട്ടുള്ള ഈ നിയമത്തിൽ നിന്ന് ചില വിഭാഗങ്ങളെ കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർ (NRI), ഇന്ത്യൻ പൗരന്മാർ അല്ലാത്ത വ്യക്തികൾ, മുൻ സാമ്പത്തിക വർഷത്തിൽ ഏത് സമയത്തും 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ, ആസാം, മേഘാലയ, ജമ്മു & കശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നിവരെയാണ് ഈ നിർബന്ധിത ലിങ്കിങിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.