പുൽപ്പള്ളി: പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ. വണ്ടിക്കടവിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെ ഒന്നരയോടെ കടുവ കുടുങ്ങിയത്.
കടുവയെ ബത്തേരി കുപ്പാടിയിലെ വനം വകുപ്പിന്റെ ഹോസ്പൈസിലേക്ക് മാറ്റി. നേരത്തെ വനംവകുപ്പ് നിരീക്ഷിച്ചുവന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള കടുവ തന്നെയാണ് കൂട്ടിലായതെന്ന് അസി. വെറ്റിനറി സർജൻ ശ്യാം പറഞ്ഞു. മാരനെ കടുവ പിടികൂടിയ സ്ഥലത്തിനടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ള കടുവ ആയതിനാൽ കാട്ടിൽ തുറന്നുവിടില്ല. 15 വയസ്സ് പ്രായമുള്ള കടുവക്ക് ഹോസ്പൈസിൽ ആവശ്യമായ ചികിത്സ നൽകും. ശനിയാഴ്ച തുടങ്ങിയ ശ്രമങ്ങളാണ് ഇപ്പോൾ ലക്ഷ്യം കണ്ടത്. തത്സമയ കാമറയിൽ ദൃശ്യങ്ങൾ ലഭിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ കൂടിന് അടുത്ത് എത്തി പരിശോധിച്ചപ്പോഴാണ് കടുവയാണെന്ന് മനസ്സിലായത്. നേരത്തെ വനം വകുപ്പ് തിരിച്ചറിഞ്ഞ WWL 48 എന്ന കടുവയാണ് പിടിയിലായത്.
2016ലാണ് ഈ കടുവ ആദ്യമായി വയനാട് വനമേഖലയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ചീയമ്പം ഉന്നതിയിലെ ഒരാളുടെ മേക്കാൻവിട്ട പോത്തിനെ കടുവ കൊന്നിരുന്നു. ദേവർഗദ്ദയോടു ചേർന്ന വനപ്രദേശത്താണ് മാരനെ കടുവ കൊന്നത്. കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ ആദിവാസി വയോധികനായ മാരനെയാണ് (കൂമൻ -65) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു. നഗരപ്രദേശങ്ങളിൽ പോലും വന്യജീവികളെത്തുന്ന കാഴ്ചയാണ് വയനാട്ടിലിപ്പോൾ. കഴിഞ്ഞ ദിവസമാണ് പച്ചിലക്കാട് പടിക്കംവയലിലെ ജനവാസകേന്ദ്രത്തിൽ കടുവഇറങ്ങി പരിഭ്രാന്തി പരത്തിയത്. പിന്നീട് ഈ കടുവ വനത്തിലേക്ക് പോയെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. നിത്യജീവിതത്തെ കീഴ്മേൽ മറിക്കുന്ന രൂപത്തിൽ വയനാട്ടിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോഴും പരിഹാരം അകലുകയാണ്. ഈ വർഷം ഇത് രണ്ടാമത്തെയാളെയാണ് കടുവ വയനാട്ടിൽ കൊന്നത്.
ഈ വർഷം ജനുവരിയിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി പറിക്കാനെത്തിയ രാധയെ കടുവ കൊന്നിരുന്നു. ശനിയാഴ്ച പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65 ) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതായിരിക്കട്ടെ ഇത്തരത്തിലുള്ള അവസാന മരണമെന്ന് ആഗ്രഹിക്കുകയാണ് വയനാട്ടുകാർ. 2016 മുതൽ 2025 ജനുവരി 24 വരെയുള്ള കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ ആകെ 941 പേരാണ് കൊല്ലപ്പെട്ടത്. വയനാട്ടിൽ മാത്രം കഴിഞ്ഞ പത്തു വർഷത്തിനിടെ ഒമ്പതുപേരെയാണ് കടുവ കൊന്നത്.
Tags:
latest