തിരുവനന്തപുരം: പൗരത്വഭേതഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ശ്രമങ്ങളെ തടയിടാനെന്ന് ലക്ഷ്യവുമായി സംസ്ഥാനത്തെ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നൽകുന്നു. നിലവിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് നേറ്റിവിറ്റി കാർഡ് പുറത്തിറക്കുന്നത്.
കാർഡിന് നിയമപ്രാബല്യം നൽകുമെന്നും ഇതിനായി കരട് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോട്ടോ പതിച്ച കാർഡ് സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയിൽ രേഖയായും ഉപയോഗിക്കാം. കാർഡിന്റെ വിതരണ ചുമതല തഹസിൽദാർമാർക്കായിരിക്കും.
ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാർഡ് കേരളത്തില്‍ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:
latest