ബെംഗളൂരു∙ പാരപ്പന സെൻട്രൽ ജയിലിലെ സെല്ലിനുള്ളിൽ മദ്യം നിറച്ച ഗ്ലാസുകളും ആഹാരവും മദ്യകുപ്പികളും വച്ചിരിക്കുന്നതിന്റെ വിഡിയോ പുറത്ത്. തടവുകാർ ജയിലിൽ മദ്യപിച്ചു നൃത്തം ചെയ്യുന്നതെന്ന പേരിലും വിഡിയോ പ്രചരിക്കുന്നുണ്ട്. സീരിയൽ കില്ലറും ഐഎസ് ബന്ധമുള്ളയാളും ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. തടവുകാർ ടിവി കാണുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു
അതിനിടെ, ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ വിഡിയോ പ്രചരിച്ച സംഭവത്തിൽ ജയിൽവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ജയിലിലെ വിഐപി പരിഗണന വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. ജയിൽ എഡിജിപി ബി.ദയാനന്ദ ജയിലിലെത്തി പരിശോധന നടത്തി. വിഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടത് ആരാണെന്നു കണ്ടെത്താനും ഉദ്യോഗസ്ഥർക്കു ദയാനന്ദ നിർദേശം നൽകി.
ഒട്ടേറെ ബലാത്സംഗക്കേസുകളിൽ കുറ്റവാളിയായ സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി, തീവ്രവാദക്കേസ് പ്രതി ജുഹദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്തു കേസിൽ പ്രതിയായ തരുൺ രാജു തുടങ്ങിയവർ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിഡിയോയാണു പ്രചരിച്ചത്. ചില പ്രതികൾ സെല്ലിൽ പാചകം ചെയ്യുന്ന തരത്തിലുള്ള വിഡിയോയും പ്രചരിക്കുന്നുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു
Tags:
latest
