കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കരിയാത്തുംപാറയിൽ കാടും മുള്ളും നിറഞ്ഞ് അപകടഭീഷണിയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ദിവസേന നൂറുകണക്കിനു വിനോദസഞ്ചാരികൾ വന്നുപോകുന്ന ജില്ലാ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രം കാടുമൂടിയിട്ട് മാസങ്ങളായി. സഞ്ചാരികൾ നടന്നുപോകുന്ന വഴികളിലും ഇരിക്കുന്ന സ്ഥലങ്ങളിലുമെല്ലാം പുല്ലും മുള്ളും നിറഞ്ഞിരിക്കയാണ്. ക്രിസ്മസ് അവധി ഒരുമാസം അടുത്തെത്തിയിട്ടും സഞ്ചാരകേന്ദ്രം മോടിപിടിപ്പിക്കുന്ന നടപടിയൊന്നും ഇറിഗേഷൻ വകുപ്പ് ആരംഭിച്ചില്ല. സഞ്ചാരകേന്ദ്രം ശുചീകരിക്കാനും പരിസരപ്രദേശങ്ങളിൽ ഉൾപ്പെടെ വളർന്നുപന്തലിച്ച പുല്ലുകൾ വെട്ടിവൃത്തിയാക്കാനും ഒരു നടപടിയുമില്ല. ഇഴജന്തുക്കളുടെ താവളമായും ഈ കാട് മാറുന്നുണ്ട്. കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശത്ത് വിനോദസഞ്ചാരസംഘത്തിലെ ഒരു കുട്ടിയെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ കാടുമൂടിയിട്ട് മാസങ്ങളായത് കാരണം പാമ്പിനെ കാണുന്നത് സ്ഥിരസംഭവമാണെന്ന്
പ്രദേശവാസികൾപറയുന്നു.
30 രൂപ ടിക്കറ്റിനത്തിൽ നൽകിയാണ് സഞ്ചാരികൾ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവേശിക്കുന്നത്. ജില്ലയിൽ ഏറ്റവുംകൂടുതൽ വിനോദസഞ്ചാരികളെത്തുന്ന മേഖലയായിട്ടും സഞ്ചാരികൾക്ക് ഏർപ്പെടുത്തുമെന്ന് പറയുന്ന അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ ആവശ്യത്തിന് ശൗചാലയസൗകര്യങ്ങൾ നിലവിലില്ല. ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡും തകർന്ന് ഇരുവശവും കാടുമൂടിക്കിടക്കുകയാണ്. ഇരിപ്പിടസൗകര്യങ്ങളോ, മഴപെയ്താൽ കയറിനിൽക്കാൻ താത്കാലിക ഷെഡ് പോലും ഇവിടെയില്ലാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
*അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും കടലാസിൽ 'സഞ്ചാരികളോട് ചെയ്യുന്ന അനീതി'*
സോഷ്യൽമീഡിയയിലൂടെയും മറ്റും ലഭിക്കുന്ന വിവരമനുസരിച്ച് ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കരിയാത്തുംപാറയിലും, തോണിക്കടവിലും എത്തുന്നത്. ഇവർക്ക് ഒരുതരത്തിലുളള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും ടൂറിസ്റ്റ് കേന്ദ്രത്തിലെ കാടുവെട്ടാൻപോലും ഫണ്ട് മാറ്റിവെക്കാത്തത് പ്രതിഷേധാർഹവും ഇവിടെയെത്തുന്ന സഞ്ചാരികളോട് ചെയ്യുന്ന അനീതിയുമാണ്.