Trending

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍, കേസിലെ മൂന്നാം പ്രതി


തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും

സ്വര്‍ണക്കവര്‍ച്ച നടന്ന 2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്നു എന്‍.വാസു. സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം കമ്മിഷണറെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഈ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. കേസിലെ നാലാം പ്രതി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതിയെ കസ്റ്റഡിയിലെടുക്കാതിരുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ചെമ്പാണെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തത്. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്. എന്‍.വാസു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്


Post a Comment

Previous Post Next Post