Trending

35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ, റേഷൻ കാർഡ് മഞ്ഞയോ പിങ്കോ ആയിരിക്കണം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അര്‍ഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ പെന്‍ഷന്‍ പദ്ധതികളിലൊന്നും അംഗമായിട്ടില്ലാത്തവര്‍ക്കാണ് അവസരം. പ്രായം 35നും 60നും ഇടയിലാകണം. 60 വയസ്സ് കഴിയുമ്പോള്‍ പദ്ധതിയില്‍നിന്നു പുറത്താകും. റേഷന്‍ മഞ്ഞ കാര്‍ഡോ പിങ്ക് കാര്‍ഡോ ഉണ്ടാകണം. പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാം.

പൊതു മാനദണ്ഡങ്ങള്‍

1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും തന്നെ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [AAY - മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും [PHH - പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം.

2 . പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും.

3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കും.

4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.

5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.

7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.

8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.

9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കണം.

10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം.

12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കും

13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കും

Post a Comment

Previous Post Next Post