Trending

തദ്ദേശ തെരഞ്ഞെടുപ്പ്:ക്രിസ്മസ് പരീക്ഷ മാറ്റും, വേറൊരു തിയതിയിലേക്ക് ക്രമീകരിക്കും




തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധവാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.

മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകളായതിനാൽ ഈ ഷെഡ്യൂളിൽ പരീക്ഷ നടത്താനാകില്ല. പകരം പ്രൈമറി സ്കൂൾ പരീക്ഷ ഡിസംബർ ആദ്യത്തിൽ പൂർത്തീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളവയിൽ ഒന്ന്. ബാക്കി ക്ലാസുകളിലേത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യഘട്ടവും ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാം ഘട്ടവുമായി നടത്തുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരീക്ഷ നേരത്തെ തുടങ്ങാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ ഡിസംബർ ഒന്നിന് തുടങ്ങി അഞ്ച് വരെയും അവശേഷിക്കുന്ന പരീക്ഷ ഡിസംബർ 15 മുതൽ 19 വരെയുമായി നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

Also Read - ഇന്ത്യ മുതൽ ചൈന വരെ; ലോകത്തിൽ ഏറ്റവും വിഷമം പിടിച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള 10 രാജ്യങ്ങളുടെ പട്ടിക
പരീക്ഷ നേരത്തെ നടത്തുന്നത് പാഠഭാഗം പഠിപ്പിച്ചുതീരില്ലെന്ന വിമർശനവുമുണ്ട്. ഡിസംബർ 15 മുതൽ 19 വരെയും അവശേഷിക്കുന്നവ ക്രിസ്മസ് അവധിക്ക് ശേഷം 29 മുതൽ 31 വരെയുമായി നടത്താമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വൈകാതെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ക്യു.ഐ.പി യോഗം ചേർന്ന് പരീക്ഷ സമയക്രമം തീരുമാനിക്കാനാണ് ധാരണ. പല അധ്യാപകരും ബി.എൽ.ഒമാർ എന്ന നിലയിൽ എസ്.ഐ.ആർ ഡ്യൂട്ടിയിലുമാണ്. ഒമ്പതിന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ്ങും 11ന് രണ്ടാം ഘട്ടവും നടക്കുന്നതിനാൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ക്ലാസിലും ഡ്യൂട്ടിയിലും പങ്കെടുക്കേണ്ടിയും വരും. ഇതെല്ലാം പരിഗണിച്ച് മാത്രമേ പരീക്ഷയുടെ പുതിയ സമയക്രമം നിശ്ചയിക്കാൻ കഴിയുകയുള്ളൂ.

Post a Comment

Previous Post Next Post