Trending

മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ നിന്ന് മാറിനിൽക്കാനാവില്ല; മക്കളിൽ നിന്ന് അമ്മയ്ക്ക് ജീവനാംശം ആവശ്യപ്പെടാൻ അർഹതയുണ്ട്

കൊച്ചി ∙ വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ നിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭർത്താവ് ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നൽകാൻ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നൽകാനുള്ള തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.  


ഗൾഫിൽ ജോലി ചെയ്യുന്ന മകന് മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാൽ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മകൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും ഇതിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭർത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നൽകുന്നുണ്ടെന്നും അതിനാൽ താൻ പണം നൽകണമെന്ന കാര്യം നിയമപരമായി നിലനിൽക്കില്ല എന്നുമാണ് മകൻ വാദിച്ചത്.

തുടർന്നാണ് ബിഎൻഎസ്എസ് സെക്ഷൻ 144 അനുസരിച്ച് മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഭർത്താവ് സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കൾ ചെയ്യേണ്ട കാര്യത്തിൽ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കിൽ പോലും മക്കളിൽ നിന്ന് ചിലവിനത്തിൽ അമ്മയ്ക്ക് അവകാശപ്പെടാൻ കഴിയും. അതിനാൽ ഭർത്താവ് ചിലവിനു നൽകുന്നതിനാൽ താൻ നൽകണമെന്ന മകന്റെ വാദം നിലനിൽക്കില്ല.

അമ്മ പശുവിനെ വളര്‍ത്തുന്നതിനാൽ ആവശ്യത്തിന് ആദായം ലഭിക്കുന്നുണ്ടെന്ന മകന്റെ വാദം ആദ്യമേ തന്നെ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. ജീവിക്കണമെങ്കിൽ അമ്മ പശുവിനെ വളർത്തി വരുമാനമുണ്ടാക്കണമെന്ന് മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്ന ഒരു മകൻ പറയുന്നത് ദൗർഭാഗ്യകരവും അനുചിതവുമാണ്. ശാരീരികാധ്വാനം വേണ്ട ജോലിയാണ് പശുവിനെ വളർത്തൽ. 60 വയസായ അമ്മ അത്തരമൊരു ജോലി ചെയ്തു ജീവിക്കണമെന്ന് പറയുന്നത് മകന്റെ ഭാഗത്തു നിന്നുള്ള ധാർമിക പരാജയവും അമ്മയുടെ അന്തസിനെ പോലും പരിഗണിക്കാത്തതുമാണ്. മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്ന മകനെ ആശ്രയിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന, അതിന് അർഹതപ്പെട്ട അമ്മയ്ക്ക് ശ്രദ്ധയോ പിന്തുണയോ ബഹുമാനമോ മകൻ നൽകുന്നില്ല എന്ന് വ്യക്തമാണ്. താൻ പശുവിനെ വളർത്തുന്നില്ലെന്നും വരുമാനമൊന്നും ഇല്ലെന്നുമാണ് വയോധിക പറഞ്ഞിരിക്കുന്നത്. തനിക്ക് ഭാര്യയും കുഞ്ഞും ഉള്ളതിനാൽ അവരെ നോക്കണമെന്നാണ് മകന്‍ പറഞ്ഞിരിക്കുന്ന മറ്റൊരു ന്യായം. എന്നാൽ അത് തന്റെ പ്രായമായ മാതാപിതാക്കളെ നോക്കുന്ന ബാധ്യതയിൽ നിന്ന് മകനെ ഒഴിവാക്കുന്നില്ല. അതിനാൽ 5,000 രൂപ മാസം അമ്മയ്ക്ക് നൽകണമെന്നുള്ള കുടുംബ കോടതി വിധി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post