Trending

ഗുണ്ടാനേതാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു; 53 കേസുകളിൽ പ്രതി, വേഷം മാറാൻ വിദഗ്ധൻ, വ്യാപക തിരച്ചിൽ






തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തുനിന്ന് തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നു. ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ഓടിയത്. തൃശൂർ നഗരത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.


കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിനു മുന്നിൽനിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തെയും ജയിൽ ചാടിയിട്ടുണ്ട്.


33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിൽ പ്രതിയായി. വേഷം മാറുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകൻ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.



Post a Comment

Previous Post Next Post