കയ്റോ∙ സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുക്കുന്നതിനിടെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) നടത്തിയതു കൊടിയ ക്രൂരതകൾ. പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി.
നഗരംവിട്ടു പലായനം ചെയ്തവരുടെ സാക്ഷിമൊഴികളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. തെരുവുകളിൽ നിറയെ ശവശരീരങ്ങളാണെന്നും അവർ പറയുന്നു. കൊടിയ യുദ്ധക്കുറ്റമാണ് ആർഎസ്എഫ് ചെയ്യുന്നതെന്ന് ഈജിപ്തിലെ സുഡാൻ അംബാസഡർ ഇമാദെൽദിൻ മുസ്തഫ അദാവി പറഞ്ഞു. സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൽജാറിക് പറഞ്ഞു. എൽ ഫാഷറിൽനിന്ന് പതിനായിരങ്ങൾ പലായനം ചെയ്തു.
ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചതോടെ അതിക്രൂരതകളാണ് അരങ്ങേറുന്നത്. ആർഎസ്എഫ് കൊല്ലുന്നവരുടെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടബലാത്സംഗങ്ങൾ വ്യാപകമാണ്.
Tags:
latest