ടൊറന്റോ ∙ കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ. ഓഗ്സ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം ഏകദേശം 40 ശതമാനം സ്റ്റഡി പെർമിറ്റ് അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഈ മാസങ്ങളിൽ കാനേഡിയൻ പോസറ്റ്–സെക്കൻഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പെർമിറ്റുകളിലെ ഏകദേശം 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് റോയിട്ടേഴ്സിനു നൽകിയ ഡേറ്റയിൽ പറയുന്നു. 2023 ഓഗസ്റ്റിൽ ഇത് 32 ശതമാനം ആയിരുന്നു. 
ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റിൽ 20,900 ഇന്ത്യൻ അപേക്ഷകരുണ്ടായിരുന്നെങ്കിൽ 2025 ഓഗസ്റ്റിൽ അത് 4,515 ആയി കുറഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ കാനഡയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ നിരസിച്ചതും ഇന്ത്യൻ അപേക്ഷകളായിരുന്നു. വിദ്യാർഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടർച്ചയായി രണ്ടാം വർഷവും വിദേശ വിദ്യാർഥി പെർമിറ്റുകൾക്ക് നൽകുന്നത് കാനഡ കുറച്ചത്.
Tags:
latest