Trending

എല്ലാരും തീർന്നോ?’: ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കിയുള്ള കൊടുംക്രൂരത; കൊച്ചുമക്കളെ പോലും വെറുതെവിട്ടില്ല

തൊടുപുഴ ∙ ഇടുക്കി ചീനിക്കുഴിയിൽ സ്വത്തുതർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന ഹമീദിന്റേത് ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടും ക്രൂരത. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞും രക്ഷാപ്രവർത്തനം പോലും നടക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ച കുറ്റകൃത്യമാണ് നടന്നത്. മകനും കുടുംബവും അഗ്നിക്കിരയായതിനു പിന്നാലെ കസ്റ്റഡിയിലായപ്പോൾ പ്രതി ഹമീദ് ഒരു മനസ്താപവുമില്ലാതെ പൊലീസുകാരോട് ചോദിച്ചു: ‘‘എല്ലാരും തീർന്നോ?’’. ഈ ക്രൂരതയുടെ ആഴം തന്നെയാണ് 82 വയസുകാരനായ പ്രതിയുടെ പ്രായം പോലും പരിഗണിക്കാതെ വധശിക്ഷ വിധിക്കുന്നതിലേക്ക് കോടതിയെ നയിച്ചത്. 
മകൻ മുഹമ്മദ് ഫൈസലിനെയും (ഷിബു-45), ഭാര്യ ഷീബയെയും (40), കൊച്ചുമക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവരെയുമാണ് 2022 മാര്‍ച്ച് 19ന് ശനിയാഴ്ച പുലര്‍ച്ചെ പ്രതി ആലിയക്കുന്നേൽ ഹമീദ് മക്കാർ (79) വീടിനു തീയിട്ട് നിഷ്കരുണം കൊലപ്പെടുത്തിയത്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് അവർക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് വീടിനു തീയിട്ടത്. സ്വത്തിനെച്ചൊല്ലി ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവത്തിനു തലേന്ന് വൈകിട്ടും ഹമീദും മുഹമ്മദ് ഫൈസലും വാക്കേറ്റം ഉണ്ടായി. സാധാരണ കിടക്കുന്ന മുറിയിൽ നിന്ന് മാറി വീടിനോട് ചേർന്നു കൂട്ടിച്ചേർത്തു പണിത ചായ്പിലാണ് അന്ന് ഫൈസലും ഭാര്യയും മക്കളും ഉറങ്ങാൻ കിടന്നത്. രാത്രി പന്ത്രണ്ടരയോടെ മകനും ഭാര്യയും രണ്ടു മക്കളും കിടന്നിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ പ്രതി വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടി. പിൻവശത്തെ വാതിൽ വഴി വീടിനു പുറത്തിറങ്ങി. ഫൈസലും കുടുംബവും കിടന്നിരുന്ന ചായ്പിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയുടെ വിടവിലൂടെ മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ പുറത്തേക്കു പടരാതിരിക്കാൻ നനഞ്ഞ തോർത്ത് വച്ചു അടച്ചു. എന്നിട്ടാണ് തീ കൊളുത്തിയതെന്ന് പൊലീസ് കണ്ടെത്തി. 

കുപ്പിയിൽ പെട്രോൾ നിറച്ച് എറിഞ്ഞു, ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു

മകനും കുടുംബവും താമസിച്ച മുറിക്ക് തീകൊളുത്തിയതിനു പിന്നാലെ ശീതളപാനീയത്തിന്റെ കുപ്പിയിൽ പെട്രോൾ നിറച്ചു മുകളിൽ തുണി തിരുകി വച്ചു ഹമീദ് മുറിയിലേക്ക് എറിഞ്ഞു. അര ലീറ്ററിന്റെ 5 കുപ്പികളിലാണ് ഹമീദ് പെട്രോൾ കരുതിയിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് വേറെയും പെട്രോൾ കുപ്പികൾ പൊലീസ് കണ്ടെത്തിയിരുന്നു. 

തീ പടർന്നാൽ കുടുംബം ശുചിമുറിയിൽ കയറി രക്ഷപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട പ്രതി അതും തടയാനുള്ള പദ്ധതിയുണ്ടാക്കിയിരുന്നു. ശുചിമുറിയിലെ ടാപ്പുകളിൽ നിന്ന് വെള്ളം വരാതിരിക്കാൻ വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞിരുന്നു. അയൽ വീട്ടിലേക്ക് ഇവിടത്തെ കിണറ്റിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഈ ടാങ്കിലേക്കുള്ള വെള്ളവും പ്രതി ചോർത്തി. വൈദ്യുതി ബന്ധവും വിഛേദിച്ച ശേഷമാണ് വീടിനു തീയിട്ടത്. ഒരു തരത്തിലും ആരും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കുകയായിരുന്നു പ്രതി. 

ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളിൽ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണർന്നത്. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ രക്ഷപ്പെടാനായില്ല. വെള്ളം ഒഴിച്ച് കെടുത്താമെന്ന് കരുതി നാലു പേരും ശുചിമുറിയിൽ കയറി വാതിലടച്ചു. കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അലറി വിളിച്ചു. അപ്പോഴേക്കും പെട്രോൾ നിറച്ച കുപ്പി മുറിക്കുള്ളിലേക്ക് വന്നു വീണു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുകളും അടച്ച നിലയിലായിരുന്നു. അയൽവീട്ടിൽ നിന്ന് ഓടിയെത്തിയ രാഹുൽ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. രാഹുലെത്തിയിട്ടും ശുചിമുറിക്കുള്ളിലായ കുടുംബം പേടിച്ച് പുറത്തേക്ക് വന്നില്ല. അസഹ്യമായ പുകയും മുറിക്കുള്ളിൽ നിറഞ്ഞിരുന്നു. ആളുകൾ ഓടിക്കൂടുന്നത് കണ്ടതോടെ ഹമീദ് പിൻവാതിൽ വഴി കടന്നു. തീപടർന്നതോടെ നാലുപേരും ശുച‌ിമുറിക്കുള്ളിൽ തന്നെ കത്തിയമരുകയായിരുന്നു.



Post a Comment

Previous Post Next Post