Trending

വയറ്റിൽ രണ്ടാഴ്ച മുൻപു കഴിച്ച പച്ചമാങ്ങ മാത്രം: കൊടിയ പീഡനം നേരിട്ട അദിതി; ക്രൂരതയ്ക്ക് നിയമത്തിന്റെ മറുപടി




പട്ടിണി സഹിച്ചും ക്രൂരമർദനം ഏറ്റുവാങ്ങിയുമാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അദിതി അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംല ബീഗത്തിന്റെയും ക്രൂരമായ ശാരീരിക പീഡനത്തിനിരയായി മരിച്ചത്. 2012 ജൂൺ 26 നും 2013 ഏപ്രിൽ 29 നും ഇടയിലെ പത്തു മാസത്തോളം കൊടിയ പീഡനമാണ് കുട്ടി നേരിട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അച്ഛനും രണ്ടാനമ്മയ്ക്കും ഇന്ന് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രണ്ടാഴ്ച മുൻപ് കഴിച്ച പച്ചമാങ്ങയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കുട്ടിയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്.

കുട്ടിയുടെ സ്വകാര്യഭാഗത്തും മറ്റും തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചതായും കണ്ടെത്തി. അവസാന നാളുകളിൽ കുട്ടി മലമൂത്രവിസർജനം പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തി. മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് അദിതിയും സഹോദരനും നിരന്തരം നേരിടേണ്ടതായി വന്നത്. മരക്കഷ്ണം ഉപയോഗിച്ചും കൈകൾ ഉപയോഗിച്ചും മറ്റും പല തവണ ഇവർക്കെതിരെ മർദനം ഉണ്ടായി. അദിതിയുടെ കൈ ഒടിഞ്ഞിട്ടും കൃത്യമായ വൈദ്യസഹായം നൽകിയില്ല. അദിതിക്കൊപ്പം പത്തുവയസ്സുകാരനായ സഹോദരൻ അരുൺ എസ്. നമ്പൂതിരിയും ക്രൂരപീഡനം ഏറ്റുവാങ്ങിയിരുന്നു

ദിവസങ്ങളോളം കുട്ടികളുടെ സ്കൂൾ പഠനം മുടങ്ങി. വേദം പഠിക്കാൻ പോയതാണെന്നു മാത്രമേ സ്കൂളിൽ പറയാവൂ എന്ന ഭീഷണിയും കുട്ടികളോടു രണ്ടാനമ്മ നൽകിയതായി കോഴിക്കോട് ബിലാത്തിക്കുളം ബിഇഎംയുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി അദിതിയുടെ മരണശേഷം സഹോദരൻ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ശരീരത്തിലെ ചതവുകളെക്കുറിച്ച് ചോദിച്ചാൽ വീട്ടിൽ വീണുണ്ടായതാണെന്നു പറയണമെന്നും രണ്ടാനമ്മ ഭീഷണിപ്പെടുത്തിയിരുന്നു.

2013 ഏപ്രിൽ 29ന് അച്ഛൻ അദിതിയെ ക്രൂരമായി മർദ്ദിച്ചു. വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരുക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ പിന്നീട് കണ്ടെത്തിയത്. പട്ടിണിക്കിട്ട് അവശയായ അദിതിയെ അരയ്‌ക്കുതാഴെ സാരമായി പൊള്ളിയ നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.

പൊള്ളലിനൊപ്പം ശരീരത്തിൽ നീലനിറമുള്ള പാടുകളും തോളെല്ലിൽ പൊട്ടലുമേറ്റ നിലയിലായിരുന്നു അദിതി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാൽ പ്രതികൾ മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അപസ്മാരത്തെത്തുടർന്ന് വീട്ടിൽ വച്ച് കുട്ടിക്കു പൊള്ളലേറ്റുവെന്നാണ് അച്ഛനും രണ്ടാനമ്മയും പറഞ്ഞത്. മെഡിക്കൽ കോളജിൽ നടത്തിയ ശരീര പരിശോധനയിലും തുടർഅന്വേഷണത്തിലുമാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ പീഡനകഥ പുറത്തായത്.

ദുരൂഹതകൾ ഒഴിയാത്ത ‘രണ്ടാനമ്മ’

അദിതിയുടെയും സഹോദരൻ അരുണിന്റെയും അമ്മയായ ശ്രീജ അന്തർജനം വാഹനാപകടത്തിൽ മരിച്ച് ആറുമാസം കഴിഞ്ഞാണ് റംല ബീവി എന്ന ദേവികയെ കുട്ടികളുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി വിവാഹം ചെയ്തത്. ആൾമാറാട്ടം നടത്തി മാല കവർന്ന കേസിലും പ്രതിയാണ് ദേവിക അന്തർജനമെന്ന റംല ബീഗമെന്ന വിവരം കേസിന്റെ അന്വേഷണ വേളയിൽ നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. മതംമാറിയാണ് ഇവർ ദേവിക അന്തർജനമായി മാറിയതെന്ന വാർത്ത നാട്ടുകാരിൽ പലരിലും അന്ന് അമ്പരപ്പ് സൃഷ്ടിച്ചു.

ചോദ്യം ചെയ്യലിനിടെയാണ് റംല എന്ന ദേവികയുമായി ബന്ധപ്പെട്ട മുൻകേസുകൾ പൊലീസിനു വെളിപ്പെട്ടത്. മലപ്പുറം മങ്കട സ്വദേശിയായ താൻ ആലുവയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിലെ ആഭരണം കവർന്ന കേസിലെ പ്രതിയാണെന്നതും അവർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ നമ്പൂതിരിയുമായി തന്റേത് മൂന്നാമത്തെ വിവാഹമാണെന്നും അവർ വെളിപ്പെടുത്തി. പതിമൂന്നാം വയസ്സിൽ മുഹമ്മദ് എന്നയാളെയാണ് റംലയുടെ ആദ്യമായി വിവാഹം കഴിച്ചത്. ഇതിൽ രണ്ടു കുട്ടികളുണ്ട്. തുടർന്ന് മുഹമ്മദിനെ ഉപേക്ഷിച്ച് ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന രാമൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. ഇതിനായി കോഴിക്കോട് ആര്യസമാജത്തിൽ വച്ച് മതംമാറി. രാമൻ നമ്പൂതിരിയുമായുള്ള വിവാഹജീവിതത്തിനിടെയാണ് ആലുവയിലെ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിൽ ഉൾപ്പെട്ടത്. പെരുമ്പാവൂരിലെ കോടതിയിൽ ഈ കേസ് നടക്കുന്നതിനിടെ രാമൻ നമ്പൂതിരി ദേവികയെ ഉപേക്ഷിച്ചു. തുടർന്നാണ് സുബ്രഹ്മണ്യൻ നമ്പൂതിരിയെ വിവാഹം ചെയ്യുന്നത്. സുബ്രഹ്മണ്യൻ നമ്പൂതിരിയെ മതംമാറി വിവാഹം കഴിച്ച ശേഷം ബിലാത്തിക്കുളത്തിലെത്തിയ ഇവർ പരിസരവാസികളായ ചിലർക്ക് ദൈവകോപമുണ്ടെന്നും മറ്റും പറഞ്ഞ് ഇവരുടെ വീടുകളിൽ പതിനായിരക്കണക്കിനു രൂപയുടെ പൂജകൾ നടത്തിയിരുന്നു. പരിസരവാസികളെ മൊത്തം കബളിപ്പിച്ചാണ് ഇവർ പൂർവജീവിതം മറച്ചു ജീവിച്ചത്.

ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാൽ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു അദിതി. കുട്ടികളെ കാണാൻ ആരെയും വീട്ടുകാർ അനുവദിച്ചിരുന്നില്ല. വീടിന്റെ പരിസരത്ത് മൂന്നു നായ്‌ക്കളെ വളർത്തി അഴിച്ചു വിട്ടിരിക്കുകയായിരുന്നു. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത വിധത്തിൽ തുണിയും മറച്ചിരുന്നു.

പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന വിധിയാണ് വിചാരണ കോടതിയായ കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി നൽകിയത്. കുട്ടികളെ നന്നായി വളർത്താനും മറ്റുമാണ് ശിക്ഷ നൽകിയതെന്ന പ്രതിഭാഗം വാദം അംഗീകരിച്ച വിചാരണ കോടതി കുട്ടികളോടുള്ള അതിക്രമം, ദേഹോപദ്രവം എൽപ്പിക്കൽ എന്നിവയ്ക്ക് ഒന്നാം പ്രതിയായ അച്ഛന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിയായ രണ്ടാനമ്മയ്ക്ക് രണ്ടു വർഷം തടവുശിക്ഷയും മാത്രമാണ് വിധിച്ചത്. കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതിയുടെ വിലയിരുത്തൽ. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇരുപ്രതികളുടെയും കൊലപാതകക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി മരവിപ്പിക്കുകയും കൊലപാതക കുറ്റം കൂടി ചുമത്തുകയും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചതും. ഹൈക്കോടതി വിധി വരും മുമ്പ് പ്രതികൾ പല സമയങ്ങളിലായി 11 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും വിചാരണ കോടതി വിധിക്കു പിന്നാലെ ഉണ്ടായിരുന്നു. കേസിന്റെ വിചാരണയിൽ അദിതിയുടെ സഹോദരന്റെ സാക്ഷിമൊഴിയാണ് ഏറെ നിർണായകമായത്.


പ്രതികളെ പിടികൂടിയത് ബസിൽ നിന്ന്

വിധിപ്രസ്താവത്തിനു മുന്നോടിയായി ബുധനാഴ്ച പ്രതികൾക്കായി ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ നടക്കാവ് പൊലീസ് ബുധനാഴ്ച തന്നെ കസ്റ്റഡിയിലെടുത്തത്. വിധി പ്രസ്താവിക്കുന്ന സമയം കൃത്യമായി പ്രതികളെ ഹൈക്കോടതിയിൽ എത്തിക്കാനും പൊലീസിന്റെ ചടുല നീക്കം സഹായിച്ചു. ഇരുപ്രതികളും ഹൈക്കോടതിയിലെ വാറന്റ് വിവരം വന്നതിനു പിന്നാലെ ബുധനാഴ്ച രാമനാട്ടുകരയിൽനിന്ന് കോഴിക്കോട്ടേക്കു പോകുന്നതിനിടെ കെഎസ്ആർടിസി ബസിൽനിന്നാണ് സൈബർ സെൽ സഹായത്തോടെ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിധി പ്രഖ്യാപനത്തിനിടെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ദേവിക കോടതിക്കു മുന്നിൽ പറഞ്ഞത്. പാലക്കാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയാണെന്നും അപസ്മാര ബാധിതനാണെന്നുമാണു വിധി പ്രസ്താവത്തിനു മുൻപ് സുബ്രഹ്മണ്യൻ നമ്പൂതിരി കോടതിക്കു മുൻപാകെ പറഞ്ഞു. അപൂർവങ്ങളിൽ അത്യപൂർവമായ കേസാണെന്നും പ്രതികൾക്കു വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ അത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ഒപ്പം കുട്ടിയെ സംരക്ഷിക്കേണ്ടവർ കൊലപാതകം നടത്തുകയായിരുന്നുവെന്ന നിരീക്ഷണവും കോടതി നടത്തി. വിചാരണ കോടതിയിൽ തെളിഞ്ഞ വകുപ്പുകളിലെ ശിക്ഷ ശരിവയ്ക്കുന്നതിനൊപ്പം കൊലക്കുറ്റം കൂടി നിലനിൽക്കുമെന്ന വിശദീകരണമാണ് കോടതിയിൽനിന്നുണ്ടായത്. വിചാരണ കോടതിയുടെ ശിക്ഷയിൽനിന്ന് ഉയർന്ന വിധിയിലേക്ക് കേസ് എത്തുന്നത് അപൂർവമാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ടി.വി.നീമ ഹാജരായി



Post a Comment

Previous Post Next Post