*ചെമ്പനോടയിൽ റോഡിലിറങ്ങി കാട്ടുപോത്ത്; ആശങ്കയോടെ വാഹനയാത്രികർ*
പെരുവണ്ണാമൂഴി : ചെമ്പനോടയിൽ റോഡിൽ
കാട്ടുപോത്തുകളിറങ്ങുന്നത് വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ചെമ്പനോട മുള്ളൻകുന്ന് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പാലത്തിനുസമീപം ബൈക്ക് യാത്രികർക്ക് മുന്നിലേക്കാണ് കാട്ടുപോത്തുകളുടെ വലിയകൂട്ടം റോഡിലേക്ക് ഇറങ്ങിയത്.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ചെമ്പനോട ടൗണിന് തൊട്ടടുത്താണിത്. പെരുവണ്ണാമൂഴി ചെമ്പനോട റൂട്ടിലെ വനമേഖലയിൽ കാട്ടുപോത്തുകൾ ധാരാളമായുണ്ടെങ്കിലും ഈ ഭാഗത്തേക്ക് ഇറങ്ങുക പതിവില്ലാത്തതാണ്. പെരുവണ്ണാമൂഴി ഭാഗത്താണ് നേരത്തെയൊക്കെ കാണാറുള്ളത്. പകൽസമയത്തുപോലും ഈ ഭാഗത്ത് മുൻപ് കാട്ടുപോത്തിറങ്ങിയിട്ടുണ്ട്.
മുൻപുള്ളതിനേക്കാൾ കാട്ടുപോത്തുകളുടെ എണ്ണം പ്രദേശത്ത് വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരുവർഷം മുൻപ് പെരുവണ്ണാമൂഴി ചെമ്പനോട റോഡിൽ രാവിലെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കാറിന് നാശനഷ്ടമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കാട്ടുപോത്തുകളുടെ ഭീഷണി ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു.
കാട്ടുപന്നിയും കാട്ടാനയുമെല്ലാം പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് പാതയിൽ റോഡിലേക്ക് പലപ്പോഴായി ഇറങ്ങാറുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാതാക്കാൻ റോഡിൽ തെരുവുവിളക്കുകൾ കൂടുതലായി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.