ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനത്തിന് കക്കയമെത്തിയ വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, മണ്ഡലം സെക്രട്ടറി ജാക്സ് കരിമ്പനക്കുഴി എന്നിവരെ കരിയാത്തുംപാറ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കക്കയം ഡാം സൈറ്റ് റോഡിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ സൗരവേലി സ്ഥാപിക്കാത്തതും, കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലെ വികസനമില്ലായ്മയും,
ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ചത് കാരണമുണ്ടായ അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്തതും, വനംവകുപ്പിന്റെ അനാവശ്യ ഇടപെടൽ കാരണം സ്വന്തം ഭൂമിയിൽ അവകാശം നഷ്ടപ്പെട്ട കർഷകർക്ക് നീതി ലഭ്യമാക്കണമെന്നും, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം - പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കക്കയം - മുതുകാട് റോഡ് യാഥാർഥ്യമാകാൻ 400 മീറ്ററോളം വനഭൂമി വിട്ടു കിട്ടാത്തതാണ് തടസമെന്നിരിക്കെ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന സൂചനയുണ്ടായിരുന്നു.

