* ജില്ലാ സ്കൂൾ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കി കൂരാച്ചുണ്ട് സ്വദേശി അൽക്ക
കൂരാച്ചുണ്ട് : ജില്ലാ സ്കൂൾ കായിക മേളയിൽ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അൽക്ക കൂരാച്ചുണ്ടിലേക്ക് മടങ്ങിയത്. മത്സരിച്ച നാല് വിഭാഗങ്ങളിലും സ്വർണം നേടിയപ്പോൾ അൽക്കയുടെ മനസ്സിൽ തെളിഞ്ഞത് അമ്മ ജിതിനയുടെ മുഖമായിരിക്കും.
പാതിയിൽ മുറിഞ്ഞുപോയ അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിനായി ട്രാക്കിൽ കുതിച്ച അൽക്ക നേടിയത് നാല് സ്വർണവും വ്യകതിഗത ചാമ്പ്യൻഷിപ്പുമാണ്.
വിദ്യാർഥി കാലഘട്ടത്തിൽ അത്‌ലറ്റിക്സിൽ മിന്നും കായിക താരമായിരുന്നു അൽക്കയുടെ അമ്മ ജിതിന. ജീവിതം പലപ്പോഴും ഫൗള്‍ കളിച്ചപ്പോള്‍ സ്വപ്‌നങ്ങൾ ജിതിനക്ക് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
പല സാഹചര്യങ്ങളാൽ കായിക മോഹം ഉപേക്ഷിച്ചു. തനിക്ക് സാധിക്കാതെ പോയതൊക്കെയും മകളിലൂടെ സാധിച്ചെടുക്കുകയാണ്ഈ വീട്ടമ്മ.
സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200,400,600 മീറ്റർ ഓട്ടത്തിലും, 4x100 മീറ്റർ റിലേയിലുമാണ് അൽക്കയുടെ സ്വർണ നേട്ടം.
കുളത്തൂവയൽ സെയ്ന്റ് ജോർജ് എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽക്ക കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും കരസ്ഥമാക്കിയിരുന്നു.
കായിക താരം കൂടിയായ കൂരാച്ചൂണ്ട് പുളിവയൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ ഷിനോജാണ് അൽക്കയുടെ അച്ഛൻ. സഹോദരൻ അഞ്ജൽ ഷിനോജ് സബ്ജില്ലാ കായിക മേളയിൽ സ്വർണം നേടിയിരുന്നു.
റിപ്പോർട്ടർ : നിസാം കക്കയം
മാതൃഭൂമി
