Trending

പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്‌കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരന്‍ പിടിയില്‍



ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ വ്യാജ ബോംബ് സന്ദേശം.
പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരന്‍ ഈ വഴി സ്വീകരിച്ചത്. വിശാല്‍ ഭാരതി
പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് സ്‌കൂള്‍ പരിസരത്ത് ബോംബ്
സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയില്‍ ലഭിച്ചത്.
വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ- മെയില്‍ സന്ദേശമെത്തിയതിന്
പിന്നാലെ ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ ബ്രിഗേഡ് ടീമുകള്‍
എന്നിവര്‍ സ്‌കൂളിലെത്തി സമഗ്രമായ തെരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്പദമായ
ഒരു വസ്തുവും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞെന്നും
ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.
സൈബര്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഇ-മെയില്‍
എത്തിയതെന്ന് കണ്ടെത്തി. 'പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പരീക്ഷയെ
ഭയന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി സമ്മതിച്ചു', ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരം കുട്ടിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post